പാരീസിൽ ചെന്ന് പി എസ് ജി യെ വീഴ്ത്താനുള്ള സുവർണാവസരം നാപോളി നഷ്ടമാക്കി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് സമനില വഴങ്ങിയാണ് നാപോളി പാരീസ് വിടുന്നത്. ഇരു ടീമുകളും മത്സരത്തിൽ 2 ഗോളുകൾ വീതമാണ് നേടിയത്.
ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച ആദ്യ പകുതിയിൽ പക്ഷെ ലീഡ് നേടിയത് നാപോളിയാണ്. 29 ആം മിനുട്ടിൽ കല്ലേഹോന്റെ അസാമാന്യ പാസ്സ് മികച്ച ടച്ചിലൂടെ ലോറൻസോ ഇൻസിനെ പി എസ് ജി യുടെ വലയിലാക്കുകയായിരുന്നു. പിന്നീട് നെയ്മറിന്റെ നീക്കത്തിന് ഒടുവിൽ എംബപ്പേക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും നാപോളി ഗോളി ഓസ്പിനയുടെ മികച്ച സേവ് നാപോളിയെ രക്ഷിച്ചു.
രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ നെയ്മറിന്റെ ഷോട്ട് ഓസ്പിന തടുത്തിട്ടു. പിന്നീടും മുനിയേയുടെ ഹെഡറിൽ നിന്നും നാപോളി ഗോളി ടീമിന്റെ രക്ഷക്ക് എത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പി എസ് ജി കാത്തിരുന്ന ഗോളെത്തി. മുനിയേയുടെ പാസ്സ് ക്ലിയർ ചെയ്യാനുള്ള മാരിയോ റൂയിയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. സ്കോർ 1-1. 77 ആം മിനുട്ടിൽ നാപോളി തങ്ങളുടെ ലീഡ് പുനസ്ഥാപിച്ചു. ഡ്രെയ്‌സ് മേർട്ടൻസാണ് ഗോൾ നേടിയത്. പക്ഷെ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങാൻ മടിച്ച പി എസ് ജി ഡി മരിയയുടെ ഗോളിൽ ഇഞ്ചുറി ടൈമിൽ സമനില പിടിക്കുകയായിരുന്നു.