പണം എത്ര വാരി എറിഞ്ഞിട്ടും ചാമ്പ്യൻസ് ലീഗിൽ ഒരടി മുന്നോട്ട് പോകാത്ത പി എസ് ജി

- Advertisement -

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇത്രയധികം നാണക്കേടുകൾ വാങ്ങിക്കൂട്ടിയ ടീം വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. 2016-17 സീസണിൽ ബാഴ്സലോണയിലേക്ക് ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി പോയ പി എസ് ജിയെ ആരും മറക്കില്ല. അന്ന് സ്വന്തം ഗ്രൗണ്ടിൽ ആദ്യ പാദം 4-0 എന്ന സ്കോറിന് വിജയിച്ച പി എസ് ജി ബാഴ്സലോണയെ പുറത്താക്കി എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ രണ്ടാം പാദത്തിൽ 6-1ന്റെ നാണം കെട്ട പരാജയം പി എസ് ജി ഏറ്റു വാങ്ങുകയും ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ തന്നെ പുറത്താവുകയും ചെയ്തു. അന്ന് ബാഴ്സലോണ പി എസ് ജിക്ക് എതിരെ നടത്തിയത് ചരിത്രത്തിൽ ഏറ്റവും വലിയ തിരിച്ചുവരവ് ആയിരുന്നു.

പണത്തിന്റെ പവർ കൊണ്ട് പടുത്തുയർത്തിയ പി എസ് ജി ആ പരാജയത്തോട് പ്രതികരിച്ചത് വീണ്ടും കോടികൾ ചിലവഴിച്ച് കൊണ്ടായിരുന്നു. ലോക റെക്കോർഡ് തുകയ്ക്ക് നെയ്മാറും എമ്പപ്പെയും പി എസ് ജിയിൽ എത്തി. പക്ഷെ ഒന്നും അധികം മാറ്റിയില്ല എന്ന് ഇന്നലെ വീണ്ടും തെളിഞ്ഞു. പണചാക്കുകൾ ഗോളടിക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല എന്ന യൊഹാൻ ക്രൈഫിന്റെ പ്രശസ്ത വാചകം ഇന്നലെ വീണ്ടും സത്യമായി.

മാഞ്ചസ്റ്ററിൽ ചെന്ന് 2-0ന്റെ ലീഡുമായി വന്ന പി എസ് ജി രണ്ടാം പാദത്തിൽ 3-1ന്റെ തോൽവിയും വഴങ്ങി പ്രീക്വാർട്ടറിൽ പുറത്തേക്ക്. മറ്റൊരു നാണക്കേടിന്റെ ചാമ്പ്യൻസ് ലീഗ് ചരിത്രം കൂടെ സ്വന്തം പേരിൽ ആക്കാൻ പാരീസിനായി എന്നതു മാത്രം മെച്ചം. ഇന്നലെ വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കടുത്ത ഫുട്ബോൾ ആരാധകർക്ക് പോലും പേര് ശരിക്ക് പരിചയമില്ലാത്ത നാല് യുണൈറ്റഡ് അക്കാദമി താരങ്ങൾ ബെഞ്ചിൽ ഉണ്ടായിരുന്നു. തഹിത് ചോങ്ങ്, ഏഞ്ചൽ ഗോമസ്, ഗ്രീംവുഡ്, ഗാർനർ. 17ഉം 18ഉം വയസ്സുള്ളവർ. ഇവരിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗ്രീൻവുഡും ചോങ്ങും കളത്തിലും ഉണ്ടായിരുന്നു.

ഇവരെ കൂടാതെ യുണൈറ്റഡ് തന്നെ വളർത്തിയ റാഷ്ഫോർഡും, പെരേരയും, മക്ടോമിനെയും ആദ്യ ഇലവനിലും ഉണ്ടായിരുന്നു. ഇതാവണം ഫുട്ബോൾ. കഴിഞ്ഞ ദിവസം അയാക്സ് കാണിച്ചതും ഇതാണ്. പണത്തിനു മേൽ ടാലന്റുകളും ഫുട്ബോൾ സംസ്കാരവും പറക്കുന്നതാണ് അവസാന രണ്ട് ദിവസവും ചാമ്പ്യൻസ് ലീഗിൽ കണ്ടത്‌.

അവസാന ഏഴു വർഷങ്ങളിൽ ഒരിക്കൽ പോലും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഘട്ടം കടക്കാൻ വരെ പി എസ് ജിക്കായിട്ടില്ല. അവസാന മൂന്നു വർഷങ്ങളിൽ പ്രീക്വാർട്ടർ കടക്കാൻ വരെ ആയില്ല. അവസാന ഏഴു വർഷത്തിൽ 963 മില്യണാണ് പി എസ് ജി താരങ്ങളെ വാങ്ങാൻ വേണ്ടി മാത്രം ചിലവഴിച്ചത്. ഫുട്ബോളിൽ പണമല്ല ചിലപ്പോഴെങ്കിലും വലുത് എന്നത് പി എസ് ജി ഓർമ്മിപ്പിക്കുകയാണ്. പി എസ് ജിയും ഓർക്കേണ്ടിയിരിക്കുന്നു.

Advertisement