ഇന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെ അവർ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമല്ല, ഒപ്പം ട്രെബിൾ കിരീടം കൂടിയാണ് നേടിയത്. പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ്… ഈ മൂന്ന് കിരീടങ്ങളും ഒരേ സീസണിൽ തന്നെ നേടുക എന്ന അപൂർവ്വ നേട്ടം. ഇംഗ്ലീഷ് ക്ലബുകളിൽ ഇതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചത്. 1998/99 സീസണിൽ ആയിരുന്നു അത്.
ഇന്ന് ഈ നേട്ടത്തിലേക്ക് പെപ് മാഞ്ചസ്റ്റർ സിറ്റിയെ നയിച്ചപ്പോൾ അത് പെപ് ഗ്വാർഡിയോളക്കും ഒരു നേട്ടം ആയി. അദ്ദേഹത്തിന്റെ പരിശീലകനായുള്ള രണ്ടാം ട്രെബിൾ കിരീടമാണിത്. മുമ്പ് ബാഴ്സലോണയിൽ ആയിരിക്കെ 2008/09 സീസണിലും പെപ് ഈ നേട്ടം കൈവരിച്ചിരുന്നു. അന്ന് ലാലിഗ, കോപ ഡെൽ റേ എന്നതിനൊപ്പം ആയിരുന്നു പെപ് ചാമ്പ്യൻസ് ലീഗും നേടിയത്. രണ്ട് ട്രെബിൾ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ എന്ന നേട്ടത്തിലും പെപ് ഗ്വാർഡിയോള ഇതോടെ എത്തി.