യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ പോർച്ചുഗീസ് ക്ലബ് ബ്രാഗയെ മറികടന്നു നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇറ്റാലിയൻ ക്ലബിന്റെ ജയം. പോർച്ചുഗലിൽ ആദ്യ പകുതി അവസാനിക്കും തൊട്ടു മുമ്പ് ക്യാപ്റ്റൻ ജിയോവാണി ഡി ലോറൻസോ ആണ് നാപോളിക്ക് ആയി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ ബ്രൂമ സമനില ഗോൾ നേടിയതോടെ ഇറ്റാലിയൻ ചാമ്പ്യന്മാർ ഞെട്ടി. എന്നാൽ നാലു മിനിറ്റിനുള്ളിൽ വിജയഗോളിന് ആയുള്ള നാപോളി ശ്രമം ജയം കണ്ടു. സിലിൻസ്കിയുടെ ഷോട്ട് ബ്രാഗ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു.
അതേസമയം ഗ്രൂപ്പ് ഡിയിൽ പോർച്ചുഗീസ് വമ്പന്മാർ ആയ ബെൻഫിക്ക ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനോട് 2-0 നു പരാജയപ്പെട്ടു. മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ സാൽസ്ബർഗിനു പെനാൽട്ടി ലഭിച്ചു. കോർണർ ക്ലിയർ ചെയ്യാനുള്ള ബെൻഫിക്ക ഗോളിയുടെ ശ്രമം ഫൗൾ ആയി പെനാൽട്ടി ആവുക ആയിരുന്നു. എന്നാൽ കരിം കൊനാറ്റ പെനാൽട്ടി പുറത്തേക്ക് അടിച്ചു കളഞ്ഞു. 13 മത്തെ മിനിറ്റിൽ ഗോൾ ആവും എന്നുറച്ച പന്ത് കയ്യ് കൊണ്ടു തടഞ്ഞ അന്റോണിയോ സിൽവക്ക് റഫറി ചുവപ്പ് കാർഡ് നൽകിയപ്പോൾ സാൽസ്ബർഗിനു രണ്ടാം പെനാൽട്ടി ലഭിച്ചു. ഇത്തവണ പെനാൽട്ടി എടുത്ത റോക്കോ സിമിച് പക്ഷെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോക്കോ സിമിചിന്റെ പാസിൽ നിന്നു ഓസ്കാർ ഗ്ലോക് ഗോൾ നേടിയതോടെ ഓസ്ട്രിയൻ ക്ലബ് വിജയം ഉറപ്പിക്കുക ആയിരുന്നു.