ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ പോരിൽ ബാഴ്സലോണ നാപോളിയെ നേരിടും. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നുവിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ പാദത്തിൽ ഇറ്റലിയിൽ വെച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ പിരിഞ്ഞിരുന്നു. ഈ സീസണിൽ ഇതുവരെ കിരീടം ഒന്നും നേടാൻ കഴിയാത്ത ബാഴ്സലോണയുടെ ഏക കിരീട പ്രതീക്ഷ ചാമ്പ്യൻസ് ലീഗിലാണ്. അതുകൊണ്ട് തന്നെ അവർക്ക് മത്സരം അതിനിർണായകമാണ്.
ഇന്ന് പരാജയപ്പെടുക ആണെങ്കിൽ സെറ്റിയന്റെ ബാഴ്സലോണ പരിശീലകൻ എന്ന സ്ഥാനവും അവസാനിച്ചേക്കും. ഇന്ന് ആർതുർ, ഡെംബലെ എന്നിവർ ഇല്ലാതെയാകും ബാഴ്സലോണ ഇറങ്ങുന്നത്. യുവതാരം റിക്വി പുജ് ഇന്ന് തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം നടത്തിയേക്കും. മറുവശത്തുള്ള നാപോളി മികച്ച ഫോമിലാണ്. ഗട്ടുസോയുടെ കീഴിൽ വമ്പന്മാരെ തോൽപ്പിക്കുന്നതിൽ സ്പെഷ്യലിസ്റ്റുകളായി നാപോളി മാറിയിട്ടുണ്ട്.
അവരുടെ പ്രധാന താരമായ ഇൻസിനെ പരിക്ക് മാറി എത്തിയിട്ടുണ്ട്. എന്നാലും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.