യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക ജയം കുറിച്ചു ഇന്റർ മിലാൻ, എ.സി മിലാൻ ടീമുകൾ. സ്പാർട്ട പ്രാഗയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ മറികടന്നത്. 12 മത്തെ മിനിറ്റിൽ ബാസ്റ്റോണിയുടെ പാസിൽ നിന്നു ലൗടാരോ മാർട്ടിനസ് നേടിയ ഗോളിന് ആണ് ഇന്റർ ജയം നേടിയത്. ജയത്തോടെ 16 പോയിന്റുമായി അവർ ആഴ്‌സണലിന് ഗോൾ വ്യത്യാസത്തിൽ മാത്രം പിറകിൽ നാലാം സ്ഥാനത്ത് ആണ്.
അതേസമയം സ്പാനിഷ് ക്ലബ് ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് എ.സി മിലാൻ വീഴ്ത്തിയത്. 37 മത്തെ മിനിറ്റിൽ ഇസ്മയിൽ ബെനസറിന്റെ പാസിൽ നിന്നു റാഫയേൽ ലിയാവോ ആണ് മിലാന്റെ വിജയഗോൾ നേടിയത്. ജയത്തോടെ മിലാൻ ഗ്രൂപ്പിൽ ആറാം സ്ഥാനത്തേക്ക് കയറി. മറ്റ് മത്സരങ്ങളിൽ സെൽറ്റിക് എതിരില്ലാത്ത ഒരു ഗോളിന് യങ് ബോയ്സിനെ തോൽപ്പിച്ചപ്പോൾ ശാക്തർ ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ എതിരില്ലാത്ത 2 ഗോളിന് ഞെട്ടിച്ചു. ആർ.ബി ലൈപ്സിഗ് അതേസമയം സ്പോർട്ടിങ് ലിസ്ബണിനെ 2-1 നും മറികടന്നു.