കഴിഞ്ഞ ഒരു ദശകത്തിൽ അധികമായി വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ. ദേശിയ ടീമും ക്ലബ്ബുകളും നേട്ടം കൊയ്യാൻ കഴിയാതെ പോയപ്പോൾ കേളികേട്ട പ്രതിരോധ കോട്ടയുടെ പെരുമ പലപ്പോഴും യുവന്റസിലേക്ക് ഒതുങ്ങി. എന്നാൽ യൂറോ കപ്പ് നേടി കൊണ്ട് തിരിച്ചു വരവ് ആഘോഷിച്ച ഇറ്റലി പിന്നീട് ക്ലബ്ബ് ഫുട്ബോളിലും പതിയെ വളർച്ച പ്രാപിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് സെമിയിൽ മിലാൻ ഡർബിക്ക് കേളികൊട്ട് ഉയരുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നതും അത് കൊണ്ട് തന്നെ. വലിയൊരു ഇടവേളക്ക് ശേഷമാണ് ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിൽ ഏറ്റു മുട്ടുന്നത്. ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഘട്ടങ്ങളും പലപ്പോഴും ഗ്രൂപ്പ് സ്റ്റേജ് തന്നെയും കിട്ടാകനിയായ ടീമുകൾ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിൽ ഒരു അത്യുഗ്രൻ തിരിച്ചു വരവിനാണ് കൊതിക്കുന്നത്. രണ്ടു പതിറ്റാണ്ടിന് ശേഷം നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ മിലാൻ ഡർബി മത്സരത്തിന്റെ ആദ്യ പാദത്തിന് വ്യാഴാഴ്ച പുലർച്ചെ 12.30ന് വിസിൽ മുഴങ്ങും.
സീസണിൽ നാലാം തവണയാണ് ടീമുകൾ തമ്മിൽ നേർക്കുനേർ വരുന്നത്. ലീഗ് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയപ്പോൾ സൂപ്പർ കോപ്പ ഇറ്റലിയ ഫൈനലിൽ എസി മിലാനെ കീഴടക്കി ഇന്റർ കിരീടം നേടി. എന്നാൽ ലീഗ് ജേതാക്കൾ കൂടി ആയ നാപോളിയെ കീഴടക്കിയാണ് എസി മിലാൻ സെമിയിലേക്ക് മാർച്ച് ചെയ്തത്. മികച്ച ഫോമിലാണ് ഇന്റർ മിലാൻ എത്തുന്നത്. ഇടക്ക് കൈവിട്ട ഗോളടി മികവ് വീണ്ടും തിരിച്ച് പിടിച്ച ടീം കഴിഞ്ഞ മത്സരങ്ങളിൽ റോമ, ലസിയോ, എമ്പോളി എന്നിവരയെയും കോപ്പ ഇറ്റാലിയാനയിൽ യുവന്റസിനേയും വീഴ്ത്തി. മുൻ നിരയിൽ ലൗട്ടാരോ മാർട്ടിനസിന് കൂട്ടായി എഡിൻ സെക്കോ എത്തിയേക്കും. അങ്ങനെ എങ്കിൽ ലുക്കാകു ബെഞ്ചിലേക്ക് മടങ്ങും. മധ്യനിരയിൽ ബ്രോൻസോവിച്ച്, ചൽഹനൊഗ്ലു, ബരെല്ല, മഖിതാരിയൻ തുടങ്ങി ഇൻസാഗിക്ക് ആദ്യ ഇലവനിലേക്കും ബെഞ്ചിലും ധാരാളം താരങ്ങൾ കയ്യിലുണ്ട്. കരുത്തുറ്റ പ്രതിരോധത്തിൽ അസെർബിയും, ഡി വ്രിയും, ബാസ്റ്റോനിയും ഡാർമിയനും ഉണ്ടാവും. പോസ്റ്റിന് കീഴ് ആന്ദ്രേ ഒനാന അയാക്സ് ടീമിന് ശേഷം മറ്റൊരു ചാമ്പ്യൻസ് ലീഗ് സെമിക്ക് കളത്തിൽ ഇറങ്ങും. പരിക്കിന്റെ പിടിയിൽ താരങ്ങൾ ഇല്ലെന്നത് ടീമിന് ആശ്വാസമാണ്.
റഫയേൽ ലിയോ ഇല്ലാതെ എസി മിലാൻ പകുതി ടീമാണ് എന്നാണ് കഴിഞ്ഞ ദിവസം ഫാബിയോ കാപ്പല്ലോ അഭിപ്രായപ്പെട്ടത്. സീസണിൽ യൂറോപ്പിലെ സൂപ്പർ തരനിരയിലേക്ക് ഉയർന്ന ലിയോയുടെ മത്സരത്തിലെ സാന്നിധ്യം പരിക്ക് മൂലം ചോദ്യചിഹ്നമാണെങ്കിലും വിജയത്തിൽ കുറഞ്ഞതോന്നും മിലാന്റെ മനസിൽ ഇല്ല. ടീമിനോടൊപ്പവും താരം പരിശീലനം നടത്തിയിട്ടില്ല. കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മിലാൻ മത്സരത്തിന് വരുന്നത്. എന്നാൽ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ നിന്നും ടീം ഇപ്പോഴും താഴെയാണ്. ലിയോ ഇല്ലെങ്കിലും ജിറൂദ്, ബെന്നാസെർ, ടോണാലി, തിയോ, ടോമോരി, റെബിക് തുടങ്ങി പതിവ് മുഖങ്ങൾ എല്ലാം ടീമിൽ ഉണ്ടാവും. ടീമിന്റെ പ്രതിരോധ മികവ് തന്നെയാണ് അവർക്ക് ഊർജം പകരുന്നത്. എങ്കിലും ഇന്ററുമായുള്ള അവസാന രണ്ടു മുഖമുഖങ്ങളിൽ ഗോൾ നേടിയില്ലെന്ന കുറവ് പരിഹരിക്കാൻ മിലാൻ കിണഞ്ഞു ശ്രമിച്ചേ മതിയാവൂ.