ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ അടുത്തത് യൂറോപ്പിലെ വമ്പന്മാരുടെ പോരാട്ടം. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ആതിഥേയർ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനെ നേരിടും. പോട്ടറിനും ടീമിനും ഇനി ഓരോ മത്സരവും നിർണായകമാണ്. വമ്പന്മാർ എളുപ്പത്തിൽ കടന്ന് കൂടുമെന്ന് കരുതിയ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ തീരുമ്പോൾ ചെൽസി ഒരു വിജയം പോലും നേടാൻ ആവാതെ അവസാന സ്ഥാനത്താണ്. മിലാൻ ആകട്ടെ ഒരു വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്തും. മത്സരത്തിൽ സമനില തന്നെ മിലാന് ധാരാളമാണെങ്കിൽ വിജയത്തിൽ കുറഞ്ഞതെന്തും മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുമെന്ന് ചെൽസിക്കറിയാം.
പരിക്ക് കളി ആരംഭിച്ച ക്ലബ്ബ് ഫുട്ബോളിൽ മൂന്ന് താരങ്ങളുടെ മടങ്ങി വരവാണ് ചെൽസിക്ക് കരുത്തേക്കുന്നത്. എംഗോളോ കാൻറെ, കുക്കുറെയ്യ, എഡ്വാർഡ് മെന്റി എന്നിവർ തിരിച്ചെത്തുന്നത് പോട്ടറിന് വലിയ ആശ്വാസമാകും. ഔബമയാങ് ഗോൾ കണ്ടെത്തി തുടങ്ങിയതും ടീമിന് നല്ല സൂചനയാണ്.
അതേ സമയം മിലാന് ആദ്യ ഇലവനിൽ പല താരങ്ങളുടെയും പരിക്ക് തലവേദനയാണ്. മൈഗ്നൻ, തിയോ ഹെർണാണ്ടസ്, കലാബ്രിയ തുടങ്ങി പ്രമുഖ താരങ്ങൾ ഒന്നും മത്സരത്തിൽ ഉണ്ടാവില്ല. കോടറെ ഫ്ലോറൻസി, ഇബ്രാഹിമോവിച്ച് എന്നിവരെ നേരത്തെ ടീമിന് പുറത്താണ്. ഒറീജി വീണ്ടും പരിശീലനം ആരംഭിച്ചിട്ടുള്ളത് ടീമിന് ആശ്വാസമാകും. എങ്കിലും താരത്തിന് അവസരം നൽകാൻ കോച്ച് മുതിരുമോ എന്നുറപ്പില്ല. പതിവ് പോലെ റാഫേൽ ലിയോ തന്നെയാകും ടീമിന്റെ കുന്തമുന. മുന്നേറ്റത്തിൽ ജിറൂഡ് എത്തും. പരിക്കേറ്റ താരങ്ങൾക്ക് പകരം എത്തുന്നവരുടെ പ്രകടനം ടീം ഉറ്റു നോക്കുന്നത്.
ലീഗിലെ അവസാന മത്സരങ്ങളിൽ ഇഞ്ചുറി ടൈം ഗോളുകളിൽ വിജയം നേടിയാണ് ഇരു ടീമുകളുടെയും വരവ്. തൊണ്ണൂറു മിനിറ്റിന് ശേഷം മൂന്ന് ഗോൾ പിറന്ന ത്രില്ലറിൽ എംപോളിയെ മിലാൻ കീഴടക്കിയപ്പോൾ തൊണ്ണൂറാം മിനിറ്റിൽ ഗോളിലാണ് ചെൽസിക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കാനായത്.