ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുന്നത് ഒരു സൂപ്പർ പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ മത്സരത്തിൽ ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ നേരിടും. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിമിയോണിയുടെ ഡിഫൻസിന് പേരുകേട്ട അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.
പകരം വീട്ടാൻ ഉറച്ചാണ് മാഡ്രിഡിൽ അത്ലറ്റിക്കോ \ഇന്നിറങ്ങുന്നത്. എന്നാൽ അപരാജിതരായി പതിനഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ഡോർട്ട്മുണ്ട് അപകടകാരികളാണ്. യുവ നിരയാണ് ഡോർട്ട്മുണ്ട് ഐക്കോൺ മാർക്കോ റൂയിസ് നയിക്കുന്ന ഡോർട്ട്മുണ്ടിന്റെ ശക്തി. ജേഡൻ സാഞ്ചോ, പാക്കോ ആൾക്കസർ, ഗുറെറോ, വിറ്റ്‌സൽ എന്നിവർ ഓരോ മത്സരം കഴിയും തോറും കൂടുതൽ അപകടകാരികളായ മാറുന്നു.
ബുണ്ടസ് ലീഗ ക്ലബ്ബുകളുടെ ചരിത്രത്തിലെ ലാ ലീഗയ്ക്കെതിരായ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് നേടിയത്. എന്നാൽ ഡോർട്ട്മുണ്ടിന്റെ കുതിപ്പ് തടയാൻ പോന്നവരാണ് അത്ലറ്റിക്കോ മാഡ്രിഡ് എന്ന ബോധ്യം ഡോർട്ട്മുണ്ടിനുണ്ട്. സിമിയോണി എറയിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണ് അത്ലറ്റിക്കോ ചാമ്പ്യൻസ് ലീഗിൽ ഏറ്റുവാങ്ങിയത്.
ലാ ലീഗയിലും മോശം പ്രകടനമാണ് അത്ലറ്റിക്കോ മാഡ്രിഡ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ ആഴ്‌ച പതിനെട്ടാം സ്ഥാനക്കാരായ ലെഗനെസിനോടാണ് അത്ലറ്റിക്കോ സമനില വഴങ്ങിയത്. ലീഗിൽ അഞ്ചു വിജയങ്ങൾ മാത്രമാണ് അത്ലറ്റിക്കോയുടെ പേരിലുള്ളത്. സ്വിസ് ടാക്ടിഷ്യൻ ലൂസിയൻ ഫെവ്‌റേക്കെതിരെ പുതിയ തന്ത്രങ്ങൾ മെനയുവാനായിരിക്കും സിമിയോണിയും സംഘവും ശ്രമിക്കുക. അതെ സമയം ദേർ ക്ലാസ്സിക്കറിനായൊരുങ്ങുന്ന ഡോർട്ട്മുണ്ട് ടീം റൊട്ടേഷൻ നടത്തുമെന്നുറപ്പാണ്. തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ലീഗിലെ അപ്രമാദിത്യം ഉറപ്പാക്കാനാവും ഡോർട്ട്മുണ്ടിന് മുൻഗണന.