തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയതോടെ റയൽ മാഡ്രിഡ് താരം മാർസെലോയെ ചെൽസിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തി. ടീമിൽ ഉൾപ്പെടുത്തിയ താരം റയൽ മാഡ്രിഡിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് ചുമതലയെ തുടർന്ന് താരത്തിന് ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം നഷ്ടമാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ താരത്തെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇന്ന് മാഡ്രിഡിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടിയാണ് മാർസെലോയോട് മാഡ്രിഡിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടത്. വോട്ട് അവകാശം ഉള്ള എല്ലാ സ്പെയിൻ നിവാസികളും പ്രാദേശിക തിരഞ്ഞെടുപ്പിന് വേണ്ടി സഹായിക്കണം എന്നാണ് സ്പെയിനിലെ നിയമം. ചെൽസിക്കെതിരായ ആദ്യ പാദത്തിൽ ഫെർലാൻഡ് മെൻഡിയുടെ അഭാവത്തിൽ മാർസെലോ ആണ് റയൽ മാഡ്രിഡിന് വേണ്ടി ഇറങ്ങിയത്. നാളെ നടക്കുന്ന രണ്ടാം പാദത്തിൽ മെൻഡി പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ മാർസെലോ തന്നെ ആവും റയൽ മാഡ്രിഡിന് വേണ്ടി ഇറങ്ങുക.