മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ്ട്രഫോർഡിൽ ഒരു നാണൽകേട് കൂടെ. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഗലറ്റസറെയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. 3-2 എന്ന സ്കോറിനായിരുന്നു തുർക്കി ക്ലബിന്റെ വിജയം. കസെമിറോയുടെ ചുവപ്പ് കാർഡും ഒനാനയുടെ പിഴവും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിന്റെ അവസാന നാലു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം പരാജയമാണിത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നല്ല രീതിയിൽ ആണ് മത്സരം ആരംഭിച്ചത്. ഹിയ്ലുണ്ടും റാഷ്ഫോർഡും തുടക്കം മുതൽ ഗലറ്റസറെ ഡിഫൻസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. 17ആം മിനുറ്റിൽ ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. റാഷ്ഫോർഡിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് ഹൊയ്ലുണ്ട് ഗോൾ കണ്ടെത്തിയത്. ഡാനിഷ് താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള രണ്ടാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.
ഈ ലീഡ് പക്ഷെ കുറിച്ച് നേരമേ നീണ്ടു നിന്നുള്ളൂ. 23ആം മിനുട്ടിൽ വിൽഫ്രഡ് സാഹയിലൂടെ ഗലറ്റസറെ സമനില കണ്ടെത്തി. ഡാലോട്ടിന്റെ മോശം ഡിഫംഡിംഗ് ആണ് സാഹയ്ക്ക് ഗോൾ നൽകിയത്. സ്കോർ 1-1. ആദ്യ പകുതി ഈ സ്കോറിൽ തന്നെ അവസാനിച്ചു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടിൽ ഹൊയ്ലുണ്ടിലൂടെ വീണ്ടും യുണൈറ്റഡ് വല കുലുക്കി എങ്കിലിം ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. അധികം താമസിക്കാതെ ഹൊയ്ലുണ്ട് തന്നെ യുണൈറ്റഡിന് ലീഡ് നൽകി. 67ആം മിനുട്ടിൽ മൈതാന മധ്യത്തിൽ നിന്ന് ഒറ്റയ്ക്ക് ബോൾ എടുത്ത് കുതിച്ച ഹൊയ്ലുണ്ട് അനായസം ഫിനിഷും ചെയ്ത് യുണൈറ്റഡിനെ 2-1ന് മുന്നിൽ എത്തിച്ചു.
ഇത്തവണയും യുണൈറ്റഡിന്റെ ലീഡ് മിനുട്ടുകൾ മാത്രമെ നീണ്ടു നിന്നുള്ളൂ. 71ആം മിനുട്ടിൽ ഗലറ്റസറെ ഓൾഡ്ട്രാഫോർഡിൽ വീണ്ടും ഗോൾ നേടി. കരെം അത്കൊഗ്ലു ആണ് തുർക്കി ടീമിന് സമനില നൽകിയത്. സ്കോർ 2-2.
76ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഒനാനയുടെ പിഴവ് ഗലറ്റസറെക്ക് ഒരു ഗോൾ അവസരം നൽകി. അത് തടയാൻ ശ്രമിച്ച കസെമിറോ ഒരു പെനാൾട്ടി വഴങ്ങി. ഒപ്പം ചുവപ്പ് കാർഡും വാങ്ങി. എന്നാൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ഇക്കാർഡിക്ക് ആയില്ല. സ്കോർ 2-2ൽ തുടർന്നു.
പക്ഷെ ഇക്കാർഡി ആ മിസ്സിന് താമസിയാതെ പ്രായശ്ചിത്തം ചെയ്തു. 81ആം മിനുട്ടിൽ ഇക്കാർഡി ഒനാനയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് ഗലറ്റസറെയുടെ മൂന്നാം ഗോൾ നേടി. സ്കോർ 3-2. ഇത് അവരുടെ വിജയം ഉറപ്പിച്ചു. ഇംഗ്ലീഷ് മണ്ണിൽ ഗലറ്റസറെയുടെ ചരിത്രത്തിലെ ആദ്യ വിജയമായി ഇത് മാറി.
2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ പൂജ്യം പോയിന്റുമായി നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവർ ആണ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഉള്ളത്. ഗലറ്റസറെ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി.