മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!! റയൽ മാഡ്രിഡിനെ കൊണ്ടുപോലും തളക്കാൻ പറ്റുന്ന ടീമല്ല ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി എന്ന് തെളിയിച്ച ഒരു പ്രകടനമാണ് ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. റയൽ മാഡ്രിഡിനെ ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. സിറ്റിയുടെ രണ്ടാം ഫൈനലാണിത്. ഇന്റർ മിലാൻ ആകും ഇത്തവണ ഫൈനലിൽ അവരുടെ എതിരാളികൾ.
റയൽ മാഡ്രിഡിനെതിരെ തീർത്തും ഏകപക്ഷീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടത്തിയത്. ആദ്യ പകുതിയിൽ പന്ത് കാര്യമായി തൊടാൻ പോലും റയൽ മാഡ്രിഡിന് കിട്ടിയില്ല. അങ്ങനെ ആർക്കേലും റയൽ മാഡ്രിഡ് നിരയിൽ നിന്ന് തൊടാൻ കിട്ടിയെങ്കിൽ അത് ഗോൾ കീപ്പർ കോർതോക്ക് ആയിരുന്നു. ഹാളണ്ടിന്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകൾ തുടക്കത്തിൽ തന്നെ കോർതോക്ക് തടഞ്ഞിടേണ്ടി വന്നു.
23ആം മിനുട്ടിൽ ബെർണാഡോ സിൽവ റയൽ ഡിഫൻസ് തകർത്ത് കളിയിലെ ആദ്യ ഗോൾ നേടി. ഡി ബ്രുയിനെയുടെ പാസ് സ്വീകരിച്ച് ഒരു ഇടം കാലൻ ഫിനിഷിലൂടെ പോർച്ചുഗീസ് താരം സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരിക്കൽ കൂടെ ബെർണാഡോ സിൽവ ഗോൾ നേടി. ഇത്തവണ ഒരു റീബൗണ്ടിൽ നിന്ന് ഹെഡറിലൂടെ ആയിരിന്നു ബെർണാഡോ സിൽവയുടെ ഗോൾ. സ്കോർ 2-0. അഗ്രിഗേറ്റ് സ്കോർ 3-1.
രണ്ടാം പകുതിയിൽ റയൽ കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പ്രയാസപ്പെട്ടു. 73ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു ഷോട്ട് കോർതോയും പോസ്റ്റും കൂടെ ചേർന്ന് തടഞ്ഞത് കൊണ്ട് കളി 2-0 ആയി തുടർന്നു. എന്നാൽ അധികം നീണ്ടി നിന്നില്ലം 76ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് നിന്ന് പിറന്ന ഒരു സെൽഫ് ഗോൾ സിറ്റിയെ 3 ഗോൾ മുന്നിൽ എത്തിച്ചു. അവസാനം ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ ഹൂലിയൻ ആൽവാരസ് കൂടെ ഗോൾ നേടിയതോടെ റയൽ വിജയം പൂർത്തിയായി. 4-0ന്റെ ജയം. 5-1ന്റെ അഗ്രിഗേറ്റ് വിജയം
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി അവരുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് അടുത്തു. ചരിത്രത്തിൽ ഇതുവരെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ആയിട്ടില്ല. ചാമ്പ്യൻസ് ലീഗ് മാത്രമല്ല ട്രെബിൾ കിരീട നേട്ടവും സിറ്റിയുടെ മനസ്സിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗിനൊപ്പം എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുള്ള സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുന്നതിനും അടുത്താണ്.