ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് ഇന്ന് സമനിലയിൽ പിരിഞ്ഞു. വിനീഷ്യസ് ജൂനിയറും ഡി ബ്രുയിനെയും ആണ് ഇന്ന് ഗോളുകൾ നേടിയത്. രണ്ടും പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള മികച്ച ലോംഗ് റേഞ്ചറുകൾ ആയിരുന്നു.
ഇന്ന് ബെർണബയുവിൽ തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ സിറ്റിക്ക് ആയില്ല. റോഡ്രിയുടെ ഒരു ലോങ് റേഞ്ചർ കോർതോ സേവ് ചെയ്തത് ആയിരുന്നു സിറ്റി ഗോളിനോട് അടുത്ത നിമിഷം. പതിയിരുന്ന് ആക്രമിക്കുക എന്ന ആഞ്ചലോട്ടിയുടെ തന്ത്രം 36ആം മിനുട്ടിൽ ഫലം കണ്ടു. കാമവിങ്ങയിൽ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ ഒരു അപ്രതീക്ഷിത ഷോട്ടിലൂടെ എഡേഴ്സണെ കീഴ്പ്പെടുത്തി. സ്കോർ 1-0. ആദ്യ പകുതിയിലെ റയൽ മാഡ്രിഡിന്റെ ഏക ഷോട്ടായിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡി ബ്രുയിനെയുടെ രണ്ട് നല്ല ഗോൾ ശ്രമങ്ങൾ വന്നു എങ്കിലും രണ്ടു കോർതോ തടഞ്ഞു. പക്ഷെ സിറ്റി ശ്രമങ്ങൾ തുടർന്നു. 67ആം മിനുട്ടിൽ ഡി ബ്രുയിനെ തന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷകനായി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ബുള്ളറ്റ് സ്ട്രൈക്കിലൂടെ ആയിരുന്നു കെ ഡി ബിയുടെ ഗോൾ സ്കോർ 1-1.
പിന്നെ രണ്ടു ടീമുകളും വിജയ ഗോളിനായുള്ള ശ്രമങ്ങൾ ആയിരുന്നു. 78ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നുള്ള ബെൻസീമയുടെ ഹെഡർ എഡേഴ്സൺ തടഞ്ഞു. സ്കോർ സമനിലയിൽ തുടർന്നു. റയൽ മാഡ്രിഡ് ചൗമെന്റിയെയും അസെൻസിയോയെയും കളത്തിൽ ഇറക്കി എങ്കിലും വിജയം സ്വന്തമാക്കാൻ ആയില്ല. 90ആം മിനുട്ടിൽ ചൗമെനിയുടെ സ്ട്രൈക്ക് എഡേഴ്സൺ മികച്ച സേവിലൂടെ തടഞ്ഞത് സിറ്റിക്ക് രക്ഷയായി.
ഇനി മാഞ്ചസ്റ്ററിൽ ചെന്ന് സിറ്റിയെ തോൽപ്പിച്ചാൽ മാത്രമെ റയലിന് ഫൈനൽ കാണാൻ ആകൂ.