യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി. ഇന്ന് ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഈ വിജയത്തോടെ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായും മാഞ്ചസ്റ്റർ സിറ്റി മാറി. നേരത്തെ അവർ പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും നേടിയിരുന്നു.
ഇന്ന് ഇസ്താംബുളിൽ മാഞ്ചസ്റ്റർ സിറ്റി അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. സിമോൺ ഇൻസാഗിയുടെ ഇന്റർ മിലാൻ കൃത്യമായ ടാക്ടിസുകളുമായി നല്ല രീതിയിൽ കളി തുടങ്ങി. തുടക്കം മുതൽ സിറ്റിയെ പ്രസ് ചെയ്ത് സ്പേസ് നൽകാതെ തടയാൻ ഇന്റർ മിലാനായി. 26ആം മിനുട്ടിലാണ് സിറ്റിയുടെ ആദ്യ നല്ല അവസരം വന്നത്.
ഹാളണ്ടിന്റെ ഒരു ഇടംകാലൻ സ്ട്രൈക്ക് ലക്ഷെ ഇന്റർ ഗോൾ കീപ്പർ ഒനാന സമർത്ഥമായി തടഞ്ഞു. മത്സരത്തിന്റെ 35ആം മിനുട്ടിൽ പരിക്ക് കാരണം കെവിൻ ഡി ബ്രുയിനെ കളം വിട്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടിയായി. യുവതാരം ഫിൽ ഫോഡനാണ് പകരം കളത്തിൽ എത്തിയത്.
രണ്ടാം പകുതിയിലും കളി സമാന രീതിയിൽ തുടർന്നു. 58ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന് ഒരു സുവർണ്ണാവസരം വീണുകിട്ടി. പക്ഷെ എഡേഴ്സണെ മറികടന്ന ഇറ്റാലിയൻ ടീമിന് ലീഡ് നൽകാൻ അർജന്റീനൻ താരത്തിനായില്ല.
68ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി അവർ ആഗ്രഹിച്ച ഗോൾ കണ്ടെത്തി. ആരും പ്രതീക്ഷിക്കാത്ത റോഡ്രിയുടെ ബൂട്ടിൽ നിന്നായിരുന്നു ആ ഫിനിഷ്. ഒനാനയ്ക്ക് നോക്കി നിൽക്കാനെ ആയുള്ളൂ. സ്കോർ 1-0. ഇതിനു ശേഷം ഇന്റർ മിലാനായുള്ള ഡിമാർകയുടെ ഒരു ഹെഡർ പോസ്റ്റിൽ മടങ്ങി. മറുവശത്ത് ഫോഡന്റെ ഷോട്ട് ഒനാന സേവ് ചെയ്യുകയും ചെയ്തു.
88ആം മിനുട്ടിൽ ലുകാകുവിന്റെ ഒരു ഹെഡർ എഡേഴ്സൺ തടഞ്ഞു. എഡേഴ്സന്റെ സേവിനേക്കാൾ അത് ഒരു ലുകാലു മിസ് എന്ന് പറയേണ്ടി വരും. പന്ത് കൈവശം വെച്ച് സമ്മർദ്ദങ്ങൾ അതിജീവിച്ച് മാഞ്ചസ്റ്റർ സിറ്റി അവസാനം ഫൈനൽ വിസിൽ വരെ ലീഡ് നിലനിർത്തി. അങ്ങനെ അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും അവർ ഉയർത്തി.