ഡോർട്മുണ്ടിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. 2-1ന് ഡോർട്മുണ്ടിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിൽ നടന്ന ആദ്യ പാദത്തിലും 2-1ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി രണ്ട് പാദങ്ങളിലുമായി 4-2ന്റെ ജയം സ്വന്താമാക്കിയാണ് സെമിയിൽ എത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ബൊറൂസിയ ഡോർട്മുണ്ടിന് സെമി ഉറപ്പിക്കാൻ 1-0ന്റെ ജയം മാത്രം മതിയായിരിക്കെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡോർട്മുണ്ട് ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിക്കുകയും ചെയ്തു. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഗോളിലാണ് ഡോർട്മുണ്ട് ആദ്യ പകുതിയിൽ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ വിവാദമായ പെനാൽറ്റിയിലൂടെ മെഹ്‌റസ് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടി കൊടുത്തു. തുടർന്ന് മത്സരത്തിന്റെ 75ആം മിനുട്ടിൽ ഫുഡന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ജയവും ചാമ്പ്യൻസ് ലീഗ് സെമിയും ഉറപ്പിക്കുകയായിരുന്നു.
പെപ് ഗ്വാർഡിയോളക്ക് കീഴിൽ ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തുന്നത്. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ പരാജയപ്പെടുത്തിയ പി.എസ്.ജിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.