ബയേണ് തിരിച്ചുവരാൻ ആയില്ല. ജർമ്മനിയിൽ ചെന്നും നല്ല ഫുട്ബോൾ കളിച്ച് വിജയിച്ച് പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയും സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് 1-1ന്റെ സമനില ആണ് വഴങ്ങിയത് എങ്കിലും സിറ്റി അഗ്രിഗേറ്റ് സ്കോറിൽ 4-1 എന്ന വിജയം സ്വന്തമാക്കി സിറ്റി അടുത്ത ഘട്ടത്തിലേക്ക് കടന്നത്.
മ്യൂണിക്കിൽ ഇന്ന് സിറ്റിയുടെ ആധിപത്യം കാണാൻ ആയില്ല. ബയേൺ തുടക്കം മുതൽ കളി നിയന്ത്രിച്ചു. പന്തും കൈവശം വെച്ചു. പക്ഷെ സിറ്റി ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആകുന്നുണ്ടായിരുന്നില്ല. മറുവശത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് എടുക്കാനുള്ള അവസരം ലഭിച്ചു. 38ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച പെനാൾട്ടി ഹാളണ്ട് എടുത്തു എങ്കിലും പന്ത് ടാർഗറ്റിൽ എത്തിയില്ല. സ്കോർ ഗോൾ രഹിതമായി തുടർന്നു.
രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ഹാളണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പരിഹാരം ചെയ്തു. ഒരു കൗണ്ടറിൽ ഡി ബ്രുയിന്റെ പന്ത് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ ഹാളണ്ട് അനായാസം തന്റെ ഗോൾ കണ്ടെത്തി. സ്കോർ 1-0. അഗ്രിഗേറ്റ് സ്കോർ 4-0.
82ആം മിനുട്ടിൽ ഒരു ഹാൻഡ്ബോളിന് ബയേണ് പെനാൾട്ടി കിട്ടി. ഇത് കിമ്മിച് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1 (4-1). അപ്പോഴും സെമി ഫൈനൽ ബയേണിൽ നിന്ന് ഏറെ വിദൂരത്ത് ആയിരുന്നു.
ഇന്നത്തെ ഫലത്തോടെ മാഞ്ചസ്റ്റർ സിറ്റി അവരുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടെ അടുത്തു. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക.