ഫൈനലിനൊത്ത സെമി; വീണ്ടുമൊരു ക്ലാസിക്ക് ഒരുക്കാൻ മാഡ്രിഡും സിറ്റിയും

Nihal Basheer

Picsart 23 05 08 22 17 49 455
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ തവണത്തെ സെമി ഫൈനൽ പോരാട്ടത്തിന്റെ തനിയാവർത്തനമായി മാറിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ വരുന്നു. എല്ലാം തീർന്നെന്ന് തോന്നിച്ചിടത്ത് നിന്നും അഭൂതാപൂർവ്വമായ ഉയർത്തെഴുന്നേല്പ് നടത്തിയ റയലിനെ ഒരിക്കൽ കൂടി പിടിച്ച് കെട്ടുക എന്ന കടമ്പയാണ് പെപ്പിനും സംഘത്തിനും മുന്നിൽ ഉള്ളത്. ഒരു പക്ഷെ സെമി ഫൈനൽ ജയിക്കുന്നവർക്ക് ഫൈനലിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെ ലഭിക്കുമെന്നതിനാൽ യഥാർത്ഥ ഫൈനൽ ആയി സെമി ഫൈനൽ പോരാട്ടം മാറുന്നുണ്ട്. റയലിന്റെ തട്ടകമായ ബെർണബ്യുവിൽ വെച്ചാണ് ആദ്യ പാദം നടക്കുന്നത്. ബുധനാഴ്ച്ച പുലർച്ചെ 12.30ന് മത്സരത്തിന് വിസിൽ മുഴങ്ങും.

1240447310

ലാ ലീഗയിൽ സ്ഥിരത കണ്ടെത്താൻ ആവുന്നില്ലെങ്കിലും “സ്വന്തം തട്ടകമായ” ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡിനെ ഒരിക്കലും എഴുതി തള്ളാൻ ആവില്ല. ഒസാസുനയെ കീഴടക്കി കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയാണ് അവരെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം കോപ്പ ഡെൽ റേ ഉയർത്താൻ ആയത് ടീമിന് കൂടുതൽ ഊർജം പകരും. നോക്ഔട്ട് മത്സരങ്ങളിൽ ലിവർപൂളിനേയും ചെൽസിയെയും കീഴടക്കിയ റയലിന് മുന്നിലേക്കാണ് മറ്റൊരു ഇംഗ്ലീഷ് ടീം കൂടി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അനുഭവ സമ്പത്തും യുവത്വവും ഒരുപോലെ ചേർന്ന മാഡ്രിഡ് ടീമിലെ ഓരോ താരങ്ങളും മത്സരഗതിയെ മാറ്റിമറിക്കാൻ കെൽപ്പുള്ളവർ ആണ്. കഴിഞ്ഞ തവണ പകരക്കാരനായി എത്തി സിറ്റിക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത കമാവിംഗ ഇത്തവണ ആദ്യ ഇലവനിൽ തന്നെ ഉണ്ടാവും. പതിവ് ഇലവനിൽ നിന്നും കാര്യമായ മാറ്റങ്ങൾക്ക് ഒന്നും സാധ്യത ഇല്ലെങ്കിലും ഹാലണ്ടിനെ മെരുക്കാൻ ആൻസലോട്ടി ആരെ സെൻട്രൽ ഡിഫെൻസിൽ ഇറക്കും എന്നത് കണ്ടറിയേണ്ടത്. ഒരു പക്ഷെ ഫോം വകവെക്കാതെ റൂഡിഗറെ തന്നെ ടീം ആശ്രയിച്ചേക്കും. സസ്‌പെൻഷൻ കാരണം മിലിറ്റവോ ഇറങ്ങില്ല എന്നത് ടീമിന് ചെറുതല്ലാത്ത തിരിച്ചടി ആണ്. മോഡ്രിച്ചും ക്രൂസും വാൽവെർഡേയും ചൗമേനിയും ചേർന്ന മധ്യനിരക്ക് മുന്നിൽ വിനിഷ്യസും ബെൻസിമയും റോഡ്രിഗോയും ചേരുമ്പോൾ മറ്റൊരു വിജയം തന്നെയാണ് മാഡ്രിഡ് ഉന്നം വെക്കുന്നത്.

ലോകകപ്പ് ഇടവേളക്ക് ശേഷം വൻ പ്രഹരശേഷിയോടെ കളിക്കുന്ന സിറ്റിയെ ആണ് കാണാൻ സാധിക്കുന്നത്. ഹാളണ്ടും ഡി ബ്രൂയിനും എതിർ നിരയെ കീറി മുറിക്കുമ്പോൾ മേഹ്റസും ഗ്രീലിഷും ഗുണ്ടോഗനും ബെർണഡോ സിൽവയും എല്ലാം കളി മേനയാനും ഗോൾ നേടാനും മികവ് കാണിക്കുന്നു. പെപ്പിന്റെ പുതിയ ശൈലിയിൽ ടീമിന്റെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. പ്രതിരോധനിരയുടെയും പ്രകടനം എടുത്ത് പറയേണ്ടതാണ്. എന്നാൽ കഴിഞ്ഞ സീസണിലെ തിരിച്ചടി തീർച്ചയായും ടീമിന്റെ മനസിൽ ഉണ്ടാവും. അതിൽ നിന്നുള്ള തിരിച്ച് വരവാണ് ടീം കൊതിക്കുന്നതും. ഗോൾ മെഷീനായി മാറി കഴിഞ്ഞ ഹാലണ്ടിന്റെ സാന്നിധ്യം തന്നെയാണ് ഇത്തവണത്തെ പ്രത്യേകത. പകരക്കാരനായി എത്തി കൊണ്ടിരുന്ന ജൂലിയൻ അൽവാരസും തന്റെ പ്രതിഭ വിളയാട്ടം പുറത്തെടുത്തു കഴിഞ്ഞു. വിനിഷ്യസിന്റെ അതിവേഗ മുന്നേറ്റങ്ങൾക്ക് തടയിടാൻ പെപ്പ് അകഞ്ചിയെയോ വാക്കറയോ ചുമതല എൽപ്പിച്ചേക്കും. ബയേണിന്റെ അതിവേഗ വിങ്ങർമാർക്കെതിരെ ഇവർ മികച്ച പ്രകടനം നടത്തിയത് ടീമിന് ഊർജമാണ്. നാഥൻ ആകെ പരിക്കിന്റെ പിടിയിൽ ആയതിനാൽ മത്സരത്തിന് ഉറപ്പില്ല.

Picsart 23 05 04 02 06 18 763

ലാ ലീഗ കിരീടം കൈവിട്ടതിനാൽ കോപ്പ ഡെൽ റേക്ക് പുറമെ സീസണിൽ നേട്ടം കൊയ്യാനുള്ള റയലിന്റെ ഒരേയൊരു അവസരമാണ് ചാമ്പ്യൻസ് ലീഗ്. അതേ സമയം സിറ്റി ആവട്ടെ ട്രെബിൾ ലക്ഷ്യമിട്ടാണ് ഇനി ഓരോ മത്സരത്തിലും കളത്തിൽ ഇറങ്ങുന്നത്. ഒരു വർഷത്തിനിടെ ഒരിക്കൽ കൂടി കണ്ടു മുട്ടുമ്പോൾ തന്ത്രശാലികളായ പരിശീകരും എന്ത് തന്ത്രങ്ങൾ മെനയും എന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്.