ഇത് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്!!! യൂറോപ്പ് കീഴടക്കി ക്ലോപ്പിന്റെ ചെമ്പട!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് എന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം ലിവർപൂളിന് സ്വന്തം. ഇന്ന് മാഡ്രിഡിൽ നടന്ന ഇംഗ്ലീഷ് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടോട്ടൻഹാമിനെ തോൽപ്പിച്ചാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ലിവർപൂളിന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

ഇന്ന് മത്സരം തുടങ്ങി 20 സെക്കൻഡുകൾക്ക് അകം തന്നെ ടോട്ടൻഹാമിന് പിഴച്ചു. ആ പിഴവ് തന്നെയാണ് പരാജയത്തിലേക്ക് അവരെ നയിച്ചതും. കളി ആരംഭിച്ച് ലിവർപൂൾ നടത്തിയ ആദ്യ മുന്നേറ്റത്തിനിടെ സിസോകൊയുടെ കയ്യിൽ പന്ത് കൊണ്ടതാണ് പ്രശ്നമായത്. മാനെയുടെ പാസ് കൈ നീട്ടിവെച്ച സിസോകോയ്ക്ക് കൊണ്ടു. ഒട്ടും താമസിക്കാതെ പെനാൾട്ടി വിസിൽ ഉയർന്നു.

വാർ ചെക്ക് ചെയ്തു എങ്കിലും പെനാൾട്ടി ശരിയാണെന്ന് തീരുമാനം വന്നു. പെനാൾട്ടി കിക്ക് എടുത്ത ലിവർപൂളിന്റെ സൂപ്പർ താരം സലായ്ക്ക് ഒരിഞ്ചു പോലും പിഴച്ചില്ല. ലോറിസിനെ മറികടന്ന് പന്ത് വലയിൽ. ആ ഗോളിന് ശേഷം ഡിഫൻസീവ് മെന്റാലിറ്റിയോടെ ആണ് ലിവർപൂൾ കളിച്ചത്. ടോട്ടൻഹാമിന് പന്ത് കൊടുത്ത് കൊണ്ട് അച്ചടക്കത്തോടെ ഡിഫൻസീവ് ലൈൻ സംരക്ഷിക്കാൻ ആയിരുന്നു ലിവർപൂൾ ടാക്ടിക്സ്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 60 ശതമാനത്തിനു മുകളി പന്ത് കയ്യിലുണ്ടായിട്ടും ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ടോട്ടൻഹാമിനായില്ല.

രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം സ്പർസ് നടത്തി എങ്കിലും അതൊന്നും മതിയായില്ല കളിയിലേക്ക് തിരിച്ചുവരാൻ. സോണിന്റെയും കെയ്നിന്റെയും മോറയുടെയും ഒന്നും ഒരു കുതിപ്പിനും വാൻ ഡൈക് എന്ന ഡിഫൻസീവ് മതിലിനെ മറികടക്കാൻ ആയില്ല. എറിക്സന്റെ ഒരു ഫ്രീ കിക്ക് ആയിരുന്നു ടോട്ടൻഹാമിന്റെ ഏറ്റവും മികച്ച ഗോൾ ശ്രമം. അത് ഗംഭീര സേവിലൂടെ ആൺ അലിസൺ രക്ഷപ്പെടുത്തിയത്. ഫൈനൽ വിസിൽ വരെ ശ്രമിച്ചു എങ്കിലും ആകെ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ അലിസന്റെ കയ്യിൽ ഒതുങ്ങിയത് അല്ലാതെ ടോട്ടൻഹാമിന്റെ സമനില ഗോൾ പിറന്നില്ല. കളിയുടെ 86ആം മിനുട്ടിൽ ഒറിഗിയുടെ ഒരു ഗോൾ പിറന്നതോടെ ലിവർപൂൾ കിരീടം ഉറപ്പാവുകയും ചെയ്തു.

ലിവർപൂളിന്റെ 2005ന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ഈ സീസണിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ലിവർപ അർഹിച്ച കിരീടമായിരുന്നു ഈ ചാമ്പ്യൻസ് ലീഗ്. കഴിഞ്ഞ സീസൺ ഉൾപ്പെടെ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ പരാജയപ്പെട്ട ക്ലോപ്പിനും ഈ കിരീടം അർഹിച്ച വിജയമാണ്.