പത്ത് വർഷത്തോളം മാഞ്ചസ്റ്റർ സിറ്റിയുടെ നെടും തൂണായിരുന്ന ഡേവിഡ് സിൽവ ക്ലബ് വിടുന്നത് ടീമിന് വലിയ നഷ്ടമായിരിക്കും എന്ന് സഹതാരം കെവി ഡിബ്രുയിൻ. മാഞ്ചസ്റ്റർ സിറ്റിയിൽ സിൽവയുടെ അഭാവം വലുതായി തന്നെ അനുഭവപ്പെടാം എന്ന് ഡി ബ്രുയിൻ പറയുന്നു. പ്രീമിയർ ലീഗ് കളിച്ച ഏറ്റവും മികച്ച താരമായാണ് താൻ സിൽവയെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച താരം എന്നതിൽ തർക്കങ്ങൾ ഉണ്ടായേക്കാം. പക്ഷെ തന്റെ കൂടെ കളിച്ച താരമായത് കൊണ്ട് എത്ര വലിയ പ്രതിഭാസമാണ് സിൽവ എന്ന് തനിക്ക് അറിയാം എന്നും ഡി ബ്രുയിൻ പറഞ്ഞു. അവസാന അഞ്ചു വർഷമായി ഡൊ ബ്രുയിൻ സിൽവക്ക് ഒപ്പം മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്നുണ്ട്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റി സ്വന്തമാക്കിയാൽ അത് ഡേവിഡ് സിൽവ അർഹിക്കുന്ന യാത്ര അയപ്പാകും എന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഇനി പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ ആണ് സിറ്റി നേരിടേണ്ടത്.