കാന്റെ, ഇതിഹാസമാണ് നീ!!

20210530 030752
Credit: Twitter
- Advertisement -

ഇന്ന് ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി യൂറോപ്യൻ കിരീടം ഉയർത്തിയപ്പോൾ ഫുട്ബോൾ റൈവൽറി എല്ലാം മറന്ന് ഫുട്ബോൾ ആരാധകർ സന്തോഷിക്കുന്നത് കാന്റെയെ ഓർത്താകും. കാന്റെ എന്ന താരം വർത്തമാന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മധ്യനിര താരമാണ് എന്ന് അടിവരയിടുന്ന മത്സരമായിരുന്നു ഇന്നത്തേത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്ക് വരിഞ്ഞു കെട്ടിയ പ്രകടനമായിരുന്നു ഗ്രൗണ്ടിന്റെ മധ്യത്തിൽ ഇറങ്ങിയ കാന്റെ നടത്തിയത്.

കൗണ്ടറുകളോ സ്ഥിരം ത്രൂ പാസുകളോ ഒന്നും നടത്താൻ ഇന്ന് സിറ്റിയുടെ താരങ്ങൾക്ക് ആയില്ല. ഫിൽ ഫോഡനും സ്റ്റെർലിങും ബെർണാടോ സിൽവയും കെവിൻ ഡി ബ്രുയിനുമൊക്കെ വെള്ളം കുടിച്ചു എന്ന് പറയാം. കാന്റെയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ലോകകപ്പ് നേരത്തെ തന്നെ നേടിയിട്ടുള്ള കാന്റെയ്ക്ക് ഈ കിരീടത്തോടെ പ്രധാന കിരീടങ്ങളുടെ വലിയ കലക്ഷൻ തന്നെ ആയി.

2014ൽ ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റെയെ 2015ൽ ആയിരുന്നു ലെസ്റ്റർ സിറ്റി ഇംഗ്ലണ്ടിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം കാന്റെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ് കിരീടം എന്ന അത്ഭുതകതയുടെ ഭാഗമായി. പിന്നാലെ ചെൽസിയിലേക്ക്. 2017ൽ ചെൽസിക്ക് ഒപ്പവും പ്രീമിയർ ലീഗ് കിരീടം. 2018ൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഫ്രാൻസിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 2019ൽ ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോൾ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി.

ഇനി യൂറോ കപ്പിൽ ഫ്രാൻസിന് ഒപ്പം ഇറങ്ങാൻ വേണ്ടി കാന്റെ യാത്രയാകും. അവിടെ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിക്കാൻ ആയാൽ ബാലൻ ഡി ഓർ തന്നെ കാന്റയിൽ എത്തിയാലും അത്ഭുതപ്പെടാനില്ല.

Advertisement