സെമിയിൽ എത്താൻ യുവന്റസിന് അയാക്സ് യുവനിര കടക്കണം

- Advertisement -

ഇന്ന് ടൂറിനിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദമാകും യുവന്റസിന്റെ സീസൺ നിർണയിക്കുക. ഇറ്റാലിയൻ ലീഗ് ഏതാണ്ട് ഉറപ്പിച്ച യുവന്റസിന് പക്ഷെ യഥാർത്ഥ ലക്ഷ്യം യൂറോപ്യൻ കിരീടമാണ്. അതുകൊണ്ട് തന്നെ ഇന്ന് അവർക്ക് അയാക്സിനെ മറികടക്കേണ്ടതുണ്ട്. റയൽ മാഡ്രിഡിനെ പ്രീക്വാർട്ടറിൽ പുറത്താക്കിയ അയാക്സ് ആണ് ഇന്ന് ടൂറിനിൽ യുവന്റസിന് മുന്നിൽ ഉള്ളത്.

ആംസ്റ്റർഡാമിൽ നടന്ന ആദ്യ പാദത്തിൽ യുവന്റസിനെ സമനിലയിൽ തളക്കാൻ അയാക്സിനായിരുന്നു. 1-1 എന്ന നിലയിലായിരുന്നു ആ മത്സരം അവസാനിച്ചത്. യുവന്റസിന് ഹോം എന്ന മുൻഗണന ഉണ്ട് എങ്കികും അയാക്സ് റയലിനെ മാഡ്രിഡിൽ വെച്ചാണ് തോൽപ്പിച്ചത് എന്ന് യുവന്റ്സ് ഓർക്കേണ്ടതുണ്ട്.

മധ്യനിരയിൽ ഡിയോംഗ് ഉണ്ടാവില്ല എന്നതാകും അയാക്സിന്റെ ഏറ്റവും വലിയ പ്രതിസന്ധി. യുവന്റസ് നിരയിൽ കെല്ലിനിയും ഇന്ന് ഉണ്ടാകില്ല. എന്നാൽ ലീഗിലെ വിശ്രമത്തിനു ശേഷം ക്രിസ്റ്റ്യാനോ ഇന്ന് തിരികെ എത്തും. ആദ്യ പാദത്തിൽ റൊണാൾഡോ ആയിരുന്നു യുവന്റസിനായി ഗോൾ നേടിയത്.

Advertisement