ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശ്കതർ ഡോണെറ്റ്സ്കിനോട് സമനില വഴങ്ങി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഇരു ടീമുകളും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഇന്റർ മിലാൻ പുറത്തായത്. ഇതോടെ ഇന്റർ മിലാന് യൂറോപ്പ ലീഗ് യോഗ്യതയും നഷ്ടമായി.
ഗ്രൂപ്പിലെ നാല് ടീമുകൾക്കും ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് കയറയാനുള്ള അവസരമുണ്ടായിരുന്നു അവസാന ദിവസം റയൽ മാഡ്രിഡും ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗും ഗ്രൂപ്പിൽ നിന്ന് യോഗ്യത ഉറപ്പിക്കുകയായിരുന്നു. ഇന്റർ മിലാനോട് സമനില വഴങ്ങിയ ശക്തർ ഗ്രൂപ്പിൽ മൂന്നാമതായി യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തിൽ ഗോളടിക്കാൻ ഉറപ്പിച്ച് ഇറങ്ങിയ ഇന്റർ മിലാന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. മത്സരത്തിന്റെ തുടക്കത്തിൽ ലൗറ്റാറോ മാർട്ടിനസിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.