ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ റൗണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷ ഇന്റർ മിലാൻ ബാക്കിയാക്കി. ഇന്നലെ നിർണായക മത്സരത്തിൽ സ്ലാവിയ പ്രാഹയെ തോൽപ്പിച്ചതോടെയാണ് ഇന്റർ നോക്കൗട്ട് പ്രതീക്ഷ കാത്തത്. എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. സ്ട്രൈക്കിംഗ് കൂട്ടുകെട്ടായ ലുകാകുവും മാർട്ടിനെസും തന്നെയാണ് ഇന്നലെ ഇന്ററിന്റെ രക്ഷയ്ക്ക് എത്തിയത്.
ലുകാകു ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയപ്പോൾ മാർട്ടിനെസ് രണ്ട് ഗോളുകളുമായും തിളങ്ങി. മാർട്ടിനെസിന്റെ രണ്ടാം ഗോളിനും വേണ്ടിയുള്ള ലുകാകുവിന്റെ പാസ് അതിഗംഭീരമായിരുന്നു. സീസണിൽ ഇതുവരെ ലുകാകു 9 ഗോളുകളും മാർട്ടിനെസ് 10 ഗോളുകളും നേടി ഇന്റർ അറ്റാക്കിന് കരുത്ത് കൂട്ടിയിരിക്കുകയാണ്. ഈ വിജയത്തോടെ ഇന്റർ മിലാന് 5 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണയെ മിലാനിൽ വെച്ച് തോൽപ്പിക്കാൻ ആയാൽ ഇന്ററിന് പ്രീക്വാർട്ടറിൽ എത്താം.