ഈ സീസണിന്റെ തുടക്കത്തോടെ ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റ ഫ്രാങ്ക് ലമ്പാർഡിന് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ചെൽസി ഇന്നിറങ്ങും. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വലൻസിയയാണ് ചെൽസിയുടെ എതിരാളികൾ. 2012ൽ ചെൽസിക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ ലമ്പാർഡിന് ആയിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ചെൽസി ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തുന്നത്. അന്റോണിയോ കൊണ്ടേയുടെ അവസാന സീസണിൽ ടോപ് ഫോറിന് പുറത്ത് സീസൺ അവസാനിപ്പിച്ച ചെൽസി കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിലാണ് കളിച്ചത്.
യൂറോപ്പ ലീഗിൽ കഴിഞ്ഞ സീസണിൽ സ്വപ്‍ന സമാനമായ കുതിപ്പ് നടത്തിയ ചെൽസി ഒരു മത്സരം പോലും തോൽക്കാതെ യൂറോപ്പ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. ഫൈനലിൽ പ്രീമിയർ ലീഗ് എതിരാളികളായ ആഴ്‌സണലിനെ തോൽപ്പിച്ചാണ് ചെൽസി കിരീടം ഉറപ്പിച്ചത്. പ്രീമിയർ ലീഗ് മത്സരത്തിൽ നോർവിചിനെ 5-2ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ചെൽസി വലൻസിയയെ നേരിടാൻ ഇറങ്ങുന്നത്. ചെൽസി നിരയിൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റുഡിഗർ ഇന്ന് ഇറങ്ങില്ല. കൂടാതെ എൻഗോളോ കാന്റെയും ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ലെന്ന് ലമ്പാർഡ് പറഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ പരിക്കിൽ നിന്ന് മോചിതനായെങ്കിലും മാച്ച് ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ കാലം ഹഡ്സൺ ഒഡോയ് ഇന്ന് ടീമിൽ ഉണ്ടാവില്ല.
പരിശീലകനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുമായാണ് വലൻസിയ ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടാനിറങ്ങുന്നത്. മർസെലിഞ്ഞോയെ പുറത്താക്കിയതിന് ശേഷം പരിശീലകനായ ആൽബർട്ട് സെലാഡസിന് കീഴിൽ കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെ വലൻസിയ 5-2ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ചെൽസിയെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടും വലൻസിയക്ക് ഉണ്ട്. ഇരു ടീമുകളും 6 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ ചെൽസി ജയിക്കുകയും 3 മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.