ചാമ്പ്യൻസ് ലീഗിൽ തിരിച്ചു വരവുകൾ തീരുന്നില്ല, ഇന്ന് നടന്ന രണ്ടാം മത്സരത്തിലും ആദ്യ പാദം പരാജയപ്പെട്ട ടീമിന്റെ മാസ്മരിക തിരിച്ചു വരവ്. ആദ്യ പാദത്തിൽ എഎസ് റോമയോടേറ്റ 2-1 പരാജയത്തിന് സ്വന്തം ഗ്രൗണ്ടിൽ 3-1ന്റെ വിജയം നേടി എഫ്‌സി പോർട്ടോ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അഗ്രഗേറ്റ് സ്‌കോറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് പോർട്ടോ വിജയം കണ്ടത്. വാർ രക്ഷക്കെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ പെനാൽറ്റിയിലൂടെയാണ് പോർട്ടോ വിജയം കണ്ടത്.
ഫ്രാൻസിസ്‌കോ സോറസിലൂടെ 26ആം മിനിറ്റിൽ പോർട്ടോ ലീഡ് എടുത്തു എങ്കിലും ഡി റോസി നേടിയ പെനാൽറ്റി ഗോളിലൂടെ റോമാ ഒപ്പമെത്തി. അഗ്രഗേറ്റ് സ്‌കോറിൽ അപ്പോഴും റോമാ മുന്നിൽ (2-3). എന്നാൽ 52ആം മിനിറ്റിൽ നേടിയ ഗോളിലൂടെ പോർട്ടോ അഗ്രഗേറ്റ് സ്‌കോറിൽ നിർണായകമായ സമനില നേടി. മൗസ മാരെഗ ആണ് ഗോൾ കണ്ടെത്തിയത്.
നിശ്ചിത 90 മിനിറ്റിൽ അഗ്രഗ്രെറ്റ് സ്കോറിലും എവേ ഗോളിലും ഇരു ടീമുകളും സമനില പാലിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും എന്ന് തോന്നിച്ച സമയത്താണ് പോർട്ടോയുടെ വിജയ ഗോൾ പിറന്നത്. റോമാ താരം അലെസാന്ദ്രോ ഫ്ലോറെൻസി പോർട്ടോയുടെ താരത്തെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് വാർ പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത അലക്സ് ടെല്ലസിനു പിഴച്ചില്ല. ഗോൾ, സ്‌കോർ 3-1. അഗ്രഗേറ്റ് സ്‌കോറിൽ റോമയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മറികടന്ന് പോർച്ചുഗീസ് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.