ഒരിക്കൽ കൂടി പകരക്കാരനായി എത്തി ഗോൾ കണ്ടെത്തിയ ഫെറാൻ ടോറസിന്റെ മികവിൽ എഫ്സി പോർട്ടോയെ കീഴടക്കി ബാഴ്‌സലോണ. ഇന്ന് പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണ കാര്യമായി തന്നെ വിയർത്തെങ്കിലും ഫെറാൻ ടോറസിന്റെ ഗോളും കൂടാതെ പ്രതിരോധം പതിവ് പോലെ ഉറച്ചു നിന്നതും സാവിക്കും സംഘത്തിനും ആശ്വാസമായി. അവസാന നിമിഷം ഗവി ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് ബാഴ്‌സ മത്സരം പൂർത്തിയാക്കിയത്. ഇതോടെ ഗ്രൂപ്പ് എച്ചിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോർട്ടോ രണ്ടാമതാണ്.
എതിർ തട്ടകത്തിൽ ബാഴ്‌സലോണ തുടക്കം മുതൽ ബുദ്ധിമുട്ടി. പോർട്ടോയുടെ കൗണ്ടർ നീക്കങ്ങൾ തുടക്കം മുതൽ ബാഴ്‌സ ബോക്സിലേക്ക് എത്തി. ഇത്തരമൊരു നീക്കം തടയാനുള്ള നീക്കത്തിനിടെ കാൻസലോ മഞ്ഞക്കാർഡും കണ്ടു. എസ്താക്വോയിലൂടെ പോർട്ടോ മത്സരത്തിലെ ആദ്യ ഷോട്ട് എടുത്തു. ലമീന്റെ നീകത്തിനൊടുവിൽ ഫെലിക്‌സിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി. മത്സരം അരമണിക്കൂർ പിന്നിടുമ്പോൾ പരിക്കേറ്റ് ലെവെന്റോവ്സ്കി പിന്മാറി. പകരം ഫെറാൻ ടോറസ് കളത്തിൽ എത്തി. പോർട്ടോയുടെ മികച്ച നീക്കത്തിനൊടുവിൽ പോസ്റ്റിന് മുന്നിലേക്കായി വെന്റെൽ നൽകിയ പാസ് റ്റെർ സ്റ്റഗൻ കൈക്കലാക്കി. മത്സരം ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോൾ ബാഴ്‌സലോണയുടെ ഗോൾ എത്തി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ബാരോയുടെ മിസ് പാസ് പിടിച്ചെടുത്ത ഗുണ്ടോഗൻ മുന്നോട്ടു കുതിച്ച ഫെറാന് പന്ത് കൈമാറി. താരം അനായാസം കീപ്പറേ മറികടന്ന് വല കുലുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർട്ടോ മുന്നേറ്റം ബാഴ്‌സ ബോക്സിലേക്ക് എത്തി. പോർട്ടോയുടെ അപകടമുയർത്തിയ കൗണ്ടറുകൾ അവസാന നിമിഷം തടഞ്ഞു കൊണ്ട് കുണ്ടേയും പിന്നീട് അരാഹുവോയും ബാഴ്‍സയെ കാത്തു. ബോക്സിനുള്ളിൽ തെരെമിയുടെ ഫ്രീ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇവനിൽസൺന്റെ ക്രോസിൽ നിന്നും താരത്തിന് ലഭിച്ച മറ്റൊരു സുവർണാവസരവും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. ദുർബലമായ ഷോട്ട് റ്റെർ സ്റ്റഗൻ അനായാസം കൈക്കലാക്കി. ഗലെനോയുടെ തകർപ്പൻ ഒരു ഷോട്ട് മുഴുനീള ഡൈവിലൂടെ റ്റെർ സ്റ്റഗൻ തടുത്തു. കാൻസലോയുടെ ഹാൻഡ് ബോളിൽ പോർട്ടോയുടെ പെനാൽറ്റിക്കായുള്ള അപ്പീൽ റഫറി അനുവധിച്ചെങ്കിലും വാർ ചെക്കിൽ പോർട്ടോ താരത്തിന്റെ ഹാൻഡ്ബോൾ ശ്രദ്ധയിൽപെട്ടതോടെ പിൻവലിച്ചു. തെരെമിയുടെ ഒന്നാന്തരം ഒരു ബൈ സൈക്കിൾ കിക്ക് വലയിൽ പതിച്ചെങ്കിലും ഓഫ്സൈഡ് കൊടി ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ കൗണ്ടറിൽ നിന്നും കാൻസലോയുടെ പാസ് തടഞ്ഞു കൊണ്ട് പോർട്ടോ പ്രതിരോധം ഉറച്ചു നിന്നു. രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗവി പുറത്തു പോയി. കോൺസ്യസാവോയുടെ മികച്ചൊരു ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. അവസാന നിമിഷം ഫെറാൻ ടോറസിന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.