ജർമ്മൻ ലീഗിൽ മാത്രമല്ല എല്ലാവിടെയും ഡോർട്മുണ്ടിന്റെ കാര്യം കഷ്ടമാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ടോട്ടൻഹാമിനോട് രണ്ടാം പാദത്തിലും പരാജയപ്പെട്ട ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ വലിയ കടമ്പ തന്നെ ആയിരുന്നു ഡോർട്മുണ്ടിന് മുന്നിൽ ഉണ്ടായിരുന്നത്. ആദ്യ പാദത്തിൽ മൂന്നു ഗോളുകളുടെ പരാജയം ഡോർട്മുണ്ട് നേരിട്ടിരുന്നു.
ഇന്ന് ആ വലിയ മല കടക്കേണ്ടതുള്ളതു കൊണ്ട് തന്നെ തുടക്കം മുതൽ അറ്റാക്കിങ്ങ് ഫുട്ബോൾ ആണ് ഡോർട്മുണ്ട് കളിച്ചത്. ആദ്യ പകുതിയിൽ തന്നെ നിർവധി അവസരങ്ങൾ ഡോർട്മുണ്ട് സൃഷ്ടിച്ചു. പക്ഷെ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളിയുടെ ഗതിക്ക് വിപരീതമായി ഹാരി കെയ്ൻ സ്കോർ ചെയ്യുക കൂടി ചെയ്തതോടെ ഡോർട്മുണ്ടിന്റെ കാര്യം തീരുമാനമായി.
ഹാരി കെയ്ൻ നേടിയ ആ ഗോളിന്റെ ബലത്തിൽ ടോട്ടൻഹാം എതിരില്ലാത്ത ഒരു ഗോളിന് മത്സരം വിജയിച്ചു. 4-0 എന്ന അഗ്രിഗേറ്റ് സ്കോറിൽ ടോട്ടൻഹാം ക്വാർട്ടറിലേക്കും കടന്നു.