ഇതിഹാസ ഫുട്ബോളർ തിയറി ഹെൻറിയുടെ പരിശീലക വേഷത്തിലെ ആദ്യ ദൗത്യം കൂടുതൽ കടുപ്പമായി മാറുകയാണ്. ഇന്ന് ഹെൻറിയുടെ മൊണാക്കോ സ്വന്തം നാട്ടിൽ എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബെൽജിയൻ ക്ലബ് ബ്രുഗെ ആണ് മൊണാക്കോക്ക് ഈ വൻ പരാജയം നൽകിയത്. ഹെൻറി ചുമതലയേറ്റിട്ട് ഇത് മൊണാക്കോയുടെ അഞ്ചാം മത്സരമായിരുന്നു. അഞ്ചിലും ജയം ഇല്ലാ എന്നതാണ് ഹെൻറിയുടെ മേൽ ഉള്ള സമ്മർദ്ദം വർധിപ്പിക്കുന്നത്.
ഹാൻസ് വാങ്കെന്റെ ഇരട്ട ഗോളുകളാണ് ഇന്ന് ബ്രുഗെയ്ക്ക് ഈ വലിയ ജയം നൽകിയത്. ആദ്യ 24 മിനുട്ടിൽ തന്നെ ബെൽജിയൻ ക്ലബ് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. വെസ്ലിയും വോർമറും ആണ് ഇന്നത്തെ കളിയിലെ മറ്റു സ്കോറേഴ്സ്. ഈ വിജയം ഒരു ബെൽജിയൻ ടീമിന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ എവേ വിജയം കൂടിയാണ്. മൊണാക്കോയുടെ ഹോം ഗ്രൗണ്ടിലെ യൂറോപ്പിലെ ഏറ്റവും വലിയ പരാജയവും ഇതാണ്.
നാലു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു ജയം പോലും ഇല്ലാതെ വെറും ഒരു പോയന്റുമായി ഗ്രൂപ്പിൽ ഏറ്റവും താഴെ നിൽക്കുകയാണ് മൊണാക്കൊ. ഇന്നത്തെ ഫലത്തോടെ ഫ്രഞ്ച് ടീമിന്റെ നോക്കൗട്ട് എന്ന പ്രതീക്ഷ ഏതാണ്ട് അവസാനിക്കുക കൂടി ചെയ്തു.