ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ നിർണായകമായ രണ്ടാം പാദ മത്സരങ്ങൾക്ക് ആരംഭമാവുമ്പോൾ സ്വന്തം തട്ടകത്തിൽ ഡോർട്മുണ്ടിനെ വീഴ്ത്താൻ ചെൽസിയും ആദ്യ പാദത്തിലെ ലീഡിന്റെ ആത്മവിശ്വാസത്തിൽ ക്ലബ്ബ് ബ്രുഗ്ഗിനെതിരെ ബെൻഫികയും ഇറങ്ങുന്നു. ബുധനാഴ്ച പുലർച്ചെ 1.30നാണ് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങുക.
ആദ്യ പാദത്തിൽ കരീം അദെയെമി നേടിയ അത്ഭുത ഗോളിന്റെ മികവിൽ ചെൽസിക്കെതിരെ നിർണായക ലീഡ് നേടാൻ കഴിഞ്ഞ ആത്മാവിശ്വാസത്തിൽ ആണ് ഡോർട്മുണ്ട് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. ചെൽസി ആവട്ടെ ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായ തിരിച്ചടികൾക്ക് ഇടയിൽ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ജയം നുകരാൻ കഴിഞ്ഞതിന്റെ ഊർജത്തിലാണ്. എങ്കിലും ഡോർട്മുണ്ടിന്റെ നിലവിലെ ഫോം ആണ് ചെൽസിക്ക് തലവേദന തീർക്കുക. സീസൺ പുനരാരംഭിച്ച ശേഷം സമ്പൂർണ വിജയവുമായി കുതിക്കുന്ന ടീമിനെ പിടിച്ചു കെട്ടാൻ ചെൽസി പാടുപെടും. കുറഞ്ഞത് രണ്ടു ഗോൾ വിജയം എങ്കിലും വേണ്ടി വരും എന്നുള്ളതിനാൽ മുന്നേറ്റ നിരയുടെ പ്രകടനവും ചെൽസിക്ക് നിർണായകമാവും.
ജാവോ ഫെലിക്‌സിനും സ്റ്റർലിങ്ങിനും സ്കോറിംഗ് കണ്ടെത്താൻ കഴിഞ്ഞാൽ അവർക്ക് കാര്യങ്ങൾ എളുപ്പമാകും. പരിക്ക് മാറി റീസ് ജെയിംസ്, എംഗോളോ കാന്റെ എന്നിവർ പരിശീലനം പുനരാരംഭിച്ചത് ടീമിന് കരുത്തു പകരും. റീസ് ജെയിംസ് ആദ്യ ഇലവനിൽ തന്നെ എത്തിയേക്കും. പരിക്ക് ഇരു ടീമുകളിലും പ്രശ്നമാണ്. തിയാഗോ സിൽവ, മൗണ്ട്, ആസ്പിലകുറ്റ തുടങ്ങിയവർക്ക് ചെൽസിക്ക് വേണ്ടി ഇറങ്ങാൻ സാധിക്കില്ലെങ്കിൽ യുസുഫ മോക്കോകൊ, ഡുരൻവില്ലെ എന്നിവർക്കൊപ്പം കരീം അദെയെമി, മലെൻ എന്നിവർ ഡോർട്മുണ്ട് ടീമിലും എത്തിയേക്കില്ല. ഒന്നാം കീപ്പർ ഗ്രിഗർ കൊബലും പുറത്തു തന്നെ എന്നാണ് സൂചന. ലെപ്സിഗിനെതിരായ മത്സരത്തിൽ താരത്തെ ഇടക്ക് വെച്ചു പിൻവലിക്കേണ്ടി വന്നിരുന്നു.
രണ്ടു വർഷത്തിൽ അധികമായി ചാമ്പ്യൻസ് ലീഗിൽ എവെ മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാൻ സാധിക്കാതെയാണ് ഡോർട്മുണ്ട് ചെൽസിയുടെ തട്ടകത്തിലേക്ക് എത്തുന്നത്. സ്വന്തം തട്ടകത്തിൽ ഡോർട്മുണ്ടിനെ മറികടന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിച്ചാൽ നിലവിലെ സാഹചര്യത്തിൽ ചെൽസിക്ക് അത് വലിയ ഊർജമേകും.
ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന് ശേഷം ബെൻഫികയോട് കനത്ത തോൽവി ഏറ്റു വാങ്ങേണ്ടി വന്ന ക്ഷീണത്തിലാണ് ക്ലബ്ബ് ബ്രുഗ് രണ്ടാം പദത്തിന് എത്തുന്നത്. ജാവോ മാരിയോയുടെയും നെരെസിന്റെയും ഗോളുകളിൽ ജയം കണ്ടെത്തിയ ബെൻഫികക്ക് സ്വന്തം തട്ടകത്തിലും ആധികൾ ഇല്ല. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അവർ തുടർ ജയങ്ങൾക്ക് ശേഷമാണ് ചാംപ്യൻസ് ലീഗിലേക്ക് എത്തുന്നത്. ബ്രുഗ് ആവട്ടെ ലീഗിൽ മൂന്ന് ഗോളിന്റെ കനത്ത തോൽവി നേരിട്ട ശേഷമാണ് പോർച്ചുഗലിലേക്ക് എത്തുന്നത്. മൂന്ന് ഗോൾ വിജയമെങ്കിലും നേടണം എന്നതിനാൽ ജീവൻമരണ പോരാട്ടമായിരിക്കും അവർ നടത്തുക. വലിയ തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ ബെൻഫികക്ക് മുകളിൽ മറ്റ് സമ്മർദ്ദങ്ങൾ ഇല്ല.