ഇഞ്ചുറി ടൈമിൽ ജിറൂദ് നേടിയ ഗോളിൽ ചാമ്പ്യൻസ് ലീഗിൽ നോക്ഔട്ട് ഉറപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. ഇന്ന് ഫ്രാൻസിൽ റെന്നെക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് ചെൽസി അടുത്ത റൗണ്ടിൽ എത്തിയത്. ഇഞ്ചുറി ടൈമിൽ ഒളിവിയർ ജിറൂദ് നേടിയ ഗോളിലാണ് ചെൽസി അടുത്ത റൗണ്ട് ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ആദ്യ മിനുട്ടിൽ ചെൽസി താരം വാർണറിന് ലഭിച്ച സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് മേസൺ മൗണ്ടിന്റെ പാസിൽ ഹഡ്സൺ ഒഡോയ് ആണ് ചെൽസിയുടെ ഗോൾ നേടിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച റെന്നെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ചെൽസി ഗോൾ മുഖം നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ സമനില ഗോൾ നേടാൻ അവർക്കായില്ല.
തുടർന്ന് രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത റെന്നെ മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഗയ്‌റാസിയിലൂടെ റെന്നെ സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ജിറൂദ് ചെൽസിയുടെ രക്ഷക്കെത്തിയത്. റെന്നെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് ചെൽസി വിജയ ഗോൾ നേടിയത്.