യൂറോപ്യൻ ഫുട്ബോളിൽ യൂറോപ്യൻ സൂപ്പർ ലീഗിന്റെ വിവാദങ്ങൾ അലയടിക്കുന്നതിനിടെ പുതിയ രൂപത്തിലുള്ള ചാമ്പ്യൻസ് ലീഗിന്റെ വിവരങ്ങൾ പുറത്ത്‌വിട്ടു യുവേഫ. 36 ടീമുകളെ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ രീതിയാണ് യുവേഫ പുറത്തുവിട്ടത്. നേരത്തെ 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരുന്നത്. പുതിയ രീതി പ്രകാരം ഒരെറ്റ ലീഗ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. 2024 മുതലാവും പുതിയ രീതിയിലുള്ള ചാമ്പ്യൻസ് ലീഗ് നടപ്പിൽ വരുക. നേരത്തെ മത്സരങ്ങൾ നടന്നിരുന്നു ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടാതെ വ്യാഴാഴ്‌ചയും 2024 മുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കും. പുതിയ രീതിയുള്ള ഈ ഫോർമാറ്റ് ഏത് ടീമിനും യൂറോപ്പിൽ കളിക്കാനുള്ള അവസരം ഒരുക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന എല്ലാ ടീമും 10 മത്സരങ്ങൾ വീതം കളിക്കും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന 8 ടീമുകൾ പ്രീ ക്വാർട്ടറിന് നേരിട്ട് യോഗ്യത നേടുകയും ചെയ്യും. തുടർന്ന് ഒൻപതാം സ്ഥാനം മുതൽ 24ആം സ്ഥാനം വരെയുള്ള ടീമുകൾ രണ്ട് ലെഗുകൾ ഉള്ള പ്ലേ ഓഫ് കളിച്ചതിന് ശേഷമാവും നോക്ക് ഔട്ട് ഘട്ടത്തിൽ ആരൊക്കെ എത്തുമെന്ന് തീരുമാനിക്കുക. 24ആം സ്ഥാനത്തിന് ശേഷം ഉള്ള ടീമുകൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും തുടർന്ന് നിലവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രീതിയിൽ തന്നെ ബാക്കി മത്സരങ്ങൾ നടക്കുകയും ചെയ്യും. എന്നാൽ യൂറോപ്പിലെ വമ്പന്മാരായ 12 ടീമുകൾ യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പുതിയ ലീഗിന് തുടക്കം കുറക്കുന്നതോടെ ചാമ്പ്യൻസ് ലീഗിന്റെ ഭാവിയി ചെല്ലിൽ ചോദ്യങ്ങൾ ഉയരും.