ചെൽസിക്ക് അത്ലറ്റികോ, ബാഴ്‌സക്ക് പി.എസ്.ജി, ചാമ്പ്യൻസ് ലീഗിൽ പോരാട്ടം കനക്കും

ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഫിക്സ്ചറുകൾ പുറത്തുവന്നപ്പോൾ വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയാണ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പി.എസ്.ജിക്ക് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയാണ് എതിരാളികൾ. നെയ്മറിന് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരവിനുള്ള ഒരു മത്സരം കൂടിയാവും ഇത്.

നിലവിൽ ചാംപ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ ഇറ്റാലിയൻ ക്ലബായ ലാസിയോ ആണ്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയെ പരാജയപെടുത്തിയതാണ് ബയേൺ കിരീടം നേടിയത്. ചെൽസിക്ക് കടുത്ത എതിരാളികളെ കിട്ടിയെങ്കിലും മറ്റു ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് എളുപ്പമുള്ള ഫിക്സ്ചറുകളാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിക് ജർമൻ ക്ലബായ മൊഞ്ചൻഗ്ലാഡ്ബാഗും ലിവർപൂളിന്റെ എതിരാളികൾ ലെയ്പ്സിഗുമാണ്.

അവസാന മത്സരത്തിൽ ജയിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച റയൽ മാഡ്രിഡിന്റെ എതിരാളികൾ അറ്റ്ലാന്റയാണ്. ജർമൻ ടീമായ ഡോർട്മുണ്ടിന്റെ എതിരാളികൾ സ്പാനിഷ് ടീമായ സെവിയ്യയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിന്റെ എതിരാളികൾ പോർട്ടോയാണ്‌.