ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നേരത്തെ തീരുമാനിച്ച പ്രകാരം ഇസ്താൻബൂളിൽ വെച്ച് തന്നെ നടക്കുമെന്ന് അറിയിച്ച് യുവേഫ. തുർക്കിയിൽ അടുത്തിടെ കോവിഡ് കേസുകളിൽ വന്ന വർദ്ധനവിനെ തുടർന്ന് രാജ്യത്ത് മെയ് 17 വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ലോക്ക് ഡൗൺ ചാമ്പ്യൻസ് ലീഗിനെ ബാധിക്കില്ലെന്നും നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്നും യുവേഫ അറിയിച്ചു. നിലവിൽ തുർക്കി സർക്കാരുമായി യുവേഫ ബന്ധപെടുന്നുണ്ടെന്നും കുറച്ച് കാണികളെ ഉൾപ്പെടുത്തി ഫൈനൽ നടത്താനാണ് യുവേഫ ശ്രമിക്കുന്നതെന്നും യുവേഫ പറഞ്ഞു.
മെയ് 29ന് ഇസ്താൻബൂളിലെ അറ്റതുർക് സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക. നിലവിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ ഏറ്റവും സാധ്യത കൂടിയ ടീമുകൾ. നേരത്തെ കൊറോണ വൈറസ് ബാധ കൂടിയതിനെ തുടർന്നാണ് ഇസ്താൻബൂളിൽ നടക്കേണ്ടിയിരുന്ന കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിസ്ബണിലെക്ക് മാറ്റിയത്.