അടുത്ത കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പുകളായി. ബാഴ്സലോണക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും ശക്തമായ ഗ്രൂപ്പുകൾ മറികടന്ന് വേണം ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് അധികം ശക്തമല്ലാത്ത ഗ്രൂപ്പ് ആണ് ലഭിച്ചത്. ഗ്രൂപ്പ് ജിയിൽ റയൽ മാഡ്രിഡ്, റോമാ, സി.എസ്.കെ.എ മോസ്കൊ, വിക്ടോറിയ പ്ലാസെൻ എന്നി ടീമുകൾ മാറ്റുരക്കും.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവർപൂളും മരണ ഗ്രൂപ്പിലാണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ഇറ്റാലിയൻ ടീമായ നാപോളി, റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ലിവർപൂൾ. യുണൈറ്റഡും യുവന്റസും വലൻസിയയും യങ് ബോയ്സും ചേർന്ന ഗ്രൂപ്പ് എച്ചിലും മികച്ച പോരാട്ടങ്ങൾ നടക്കും. ഈ ഗ്രൂപ്പിൽ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിച്ച് വന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അത് യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവായി. ഇതിനു മുൻപ് രണ്ടു തവണ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിട്ട സമയത്ത് രണ്ടു മത്സരത്തിലും ഗോൾ നേടിയിരുന്നു.
അതെ സമയം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് ഇംഗ്ലണ്ടിൽ നിന്നുള്ള ടോട്ടൻഹാമിന്റെ പരീക്ഷണം ഈ സീസണിൽ നേരിടേണ്ടി വരും. ബാഴ്സലോ, ടോട്ടൻഹാം, പി.എസ്.വി, ഇന്റർ മിലൻ എന്നിവരടങ്ങുന്ന ശക്തമായാ ഗ്രൂപ്പാണ് ഗ്രൂപ്പ് ബി. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും താരതമ്യേന എളുപ്പമുള്ള മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.
അത്ലറ്റികോ മാഡ്രിഡും ഡോർട്മുണ്ടും മൊണാകോയും ക്ലബ് ബ്രാഗ്ഗും ഉൾപ്പെട്ട ഗ്രൂപ്പ് എയും ശക്തമാണ്.