മാഞ്ചസ്റ്ററിന് വേണ്ടാത്ത ബ്ലിൻഡ്, അയാക്സിന്റെ സ്വന്തമായ ബ്ലിൻഡ്!!!

- Advertisement -

ഡലെ ബ്ലിൻഡ്. കഴിഞ്ഞ ലോകകപ്പിന് മുമ്പത്തെ ലോകകപ്പിൽ വാൻ പേഴ്സി സ്പെയിനെതിരെ നേടിയ ഡൈവിംഗ് ഹെഡർ ആരും മറന്നു കാണില്ല. ആ ഹെഡറിനായി സെന്റർ ലൈനിനടുത്ത് നിന്ന് പാസ് കൊടുത്ത അന്നത്തെ ഹോളണ്ടിന്റെ ലെഫ്റ്റ് ബാക്കിനെയും ഓർക്കണം. ഡെലെ ബ്ലിൻഡ്. ആ ലോകകപ്പിനു മുമ്പ് തന്നെ അയാക്സ് ടീമിലെ പ്രധാന താരമായിരുന്നു ബ്ലിൻഡ്. ലോകകപ്പിലെ പ്രകടനം ബ്ലിൻഡിലനെ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്ലിൻഡ് അവിടെ വിശ്വസ്ഥനായിരുന്നു. ഏത് സ്ഥാനത്ത് കളിക്കാൻ പറഞ്ഞാലും ജീവൻ കൊടുത്ത് കളിക്കുന്ന താരമായിരുന്നു ബ്ലിൻഡ്. ഒരു ടീമിനെ നയിക്കാനുള്ള ബോധവും പക്വതയും ചെറുപ്പം മുതലേ ഉള്ള താരം. സെന്റർ ബാക്കില്ലാത്ത യുണൈറ്റഡിൽ താൽക്കാലികമായി സെന്റർ ബാക്കായി നിന്ന ബ്ലിൻഡ് ഒരു സീസൺ മുഴുവൻ യുണൈറ്റഡിന്റെ സെന്റർ ബാക്കായത് ബ്ലിൻഡിന് ഏത് റോളും എളുപ്പം വഴങ്ങുമെന്ന് കാണിച്ചു തന്നു.

യുണൈറ്റഡിൽ ലെഫ്റ്റ് ബാക്കയും മിഡ്ഫീൽഡറായും സെന്റർ ബാക്കുമായുമൊക്കെ ബ്ലിൻഡ് കളിച്ചു. പക്ഷെ ബ്ലിൻഡിനെ യുണൈറ്റഡ് ഒരിക്കലും വലിയ താരമായി കണക്കാക്കിയില്ല. അയാക്സിനെ തോൽപ്പിച്ച് രണ്ട് വർഷം മുമ്പ് യൂറോപ്പാ ലീഗ് നേടുമ്പോഴും ബ്ലിൻഡ് യുണൈറ്റഡ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് യുണൈറ്റഡ് ബ്ലിൻഡിനെ ആകെ തഴഞ്ഞു. ഇതോടെ വിടാൻ ബ്ലിൻഡ് തീരുമാനിച്ചു. താൻ ഇതിലും കൂടുതൽ ഫുട്ബോൾ കളിക്കാൻ അർഹിക്കുന്നു എന്ന് ബ്ലിൻഡിന് തോന്നി.

ബ്ലിൻഡ് ക്ലബ് വിടുന്നെന്ന് അറിഞ്ഞപ്പോൾ ആദ്യം എത്തിയത് അയാക്സ് ആയിരുന്നു. തങ്ങളുടെ മുൻ ക്യാപ്റ്റൻ ഡാനി ബ്ലിൻഡിന്റെ മകനെ തിരികെ കൊണ്ടു വന്ന അയാക്സ് ബ്ലിൻഡിന്റെ സാന്നിദ്ധ്യം ആഘോഷിക്കാൻ തുടങ്ങി. ഈ സീസണിൽ ഡി ലെറ്റിനൊപ്പം അയാക്സിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടിൽ ബ്ലിൻഡിൽ അത്ഭുതങ്ങൾ കാണിച്ചു. വേഗതയില്ല എന്ന് പറഞ്ഞ് യുണൈറ്റഡ് ആരാധകർ കുറ്റം പറഞ്ഞ ബ്ലിൻഡ് ഇന്ന് ഏറ്റവും വേഗതയുള്ള ഫുട്ബോൾ കളിക്കുന്ന അയാക്സിന്റെ പ്രധാന താരമായി.

50ൽ അധികം മത്സരങ്ങളിൽ ഈ സീസണിൽ അയാക്സിനായി ബ്ലിൻഡ് ജേഴ്സി അണിഞ്ഞു. സെന്റർ ബാക്കായി ഇറങ്ങി ഒരു മത്സരത്തിൽ അയാക്സിനായി ബ്ലിൻഡ് ഹാട്രിക്ക് വരെ നേടിയിരുന്നു. ഇന്നലെ യുവന്റസിനെ ക്വാർട്ടർ ഫൈനലിൽ തകർക്കുമ്പോഴും ബ്ലിൻഡിന്റെ സാന്നിദ്ധ്യം വലുതായിരുന്നു. ഒരു വശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്ന് അടിയുമ്പോൾ മറുവശത്ത് തന്നെ സ്നേഹിച്ച ക്ലബിനൊപ്പം അത്ഭുതങ്ങൾ കാണിക്കുകയാണ് ബ്ലിൻഡ്.

Advertisement