ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തിരിച്ചടി. ബയേണിന്റെ സെന്റർ ബാക്ക് നിക്ലാസ് സുലെക്ക് കൊറോണ സ്ഥിരീകരിച്ചു. 25കാരനായ യുവതാരം ഇപ്പോൾ ഹോം ക്വാരന്റൈനിലാണെന്ന് ക്ലബ്ബ് അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ ആർബി സാൽസ്ബർഗിനെതിരെയാണ് ബയേൺ ഇറങ്ങുന്നത്. മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് താരത്തിന്റെ സേവനം നഷ്ടമാകുന്നത് ഫ്ലിക്കിനും സംഘത്തിനും തിരിച്ചടിയാണ്.
അതേ സമയം യൂറോപ്യൻ ഫുട്ബോൾ കാത്തിരിക്കുന്ന ജർമ്മൻ ക്ലാസിക്കോയിലും സുലെയുടെ സേവനം ബയേണിന് നഷ്ടമാകും. ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടത്തിൽ എതിരാളികളായ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ നടക്കുന്ന ദെർ ക്ലാസിക്കറിൽ സുലെ കളിക്കില്ല. ജർമ്മനിയിൽ കൊളോനിനെതിരായ മത്സരത്തിൽ 90മിനുട്ടും സുലെ കളത്തിൽ ഇറങ്ങിയിരുന്നു. നവംബറിൽ ഇന്റർനാഷണൽ ബ്രേക്ക് വരുന്നത് കൊണ്ട് കൂടുതൽ ഫിക്സ്ചറുകളിൽ ബയേണിന് സുലെയുടെ സേവനം നഷ്ടമാകുകയില്ല.