ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമി ഫൈനലിൽ ഇന്ന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ക്ലബായ ലിയോണെ നേരിടും. ബാഴ്സലോണക്ക് എതിരായ വൻ വിജയം കഴിഞ്ഞ് എത്തുന്ന ബയേൺ മ്യൂണിക്കിനെ നേരിടുക എന്നത് ലിയോണിന് വലിയ വെല്ലുവിളിയാകും. ബാഴ്സലോണയെ 8-2 എന്ന കൂറ്റൻ സ്കോറിനായിരുന്നു ബയേൺ പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇന്ന് ഫേവറിറ്റ്സ് എന്ന് എല്ലാവരും വിധി എഴുതുന്നതും ബയേണെ ആണ്.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിനെതിരെ പിടിച്ചു നിന്ന ലിയോണിന്റെ ഡിഫൻസ് ബയേണെയും പിടിച്ചു കെട്ടാം എന്ന ആത്മവിശ്വാസത്തിലാണ്. സിറ്റിയെ 3-1 എന്ന സ്കോറിന് തോൽപ്പിച്ച് ലിയോൺ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഫ്രഞ്ച് യുവതാരം ഹൗസം ഔററിന്റെയും ഡിപായുടെയും ഒക്കെ പ്രകടനത്തിലും ലിയോൺ പ്രതീക്ഷ വെക്കുന്നു.
ബയേണിന് ആണെങ്കിൽ എല്ലാവരും ഫോമിലാണ്. 14 ഗോളുകൾ ഇതിനം ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ അടിച്ച ലെവൻഡോസ്കിയെ തടയുക ഒരു ഡിഫൻസിനും എളുപ്പമാകില്ല. മുള്ളർ, കൗട്ടീനോ, ഗ്നാബറി തുടങ്ങി എല്ലാവരും ഫോമിലാണ്. ഒപ്പം അൽഫോൺസോ ഡേവിസിന്റെ ഡിഫൻസിൽ നിന്നുള്ള കുതിപ്പുകളും ലിയോൺ ഭയക്കേണ്ടി വരും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.