ചാമ്പ്യൻസ് ലീഗിൽ സെമി പോരാട്ടങ്ങളിൽ പേരു ചേർക്കാൻ ഇറ്റാലിയൻ വമ്പന്മാരായ നാപോളിയും മിലാനും ഏറ്റു മുട്ടിയ ശേഷം അടുത്ത ഊഴം ഇന്റർ മിലാന്റേത്. ഓൾ ഇറ്റാലിയൻ സെമിക്ക് അരങ്ങൊരുക്കി യൂറോപ്പിലെ പൂർവ്വ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ അസൂറി നാട്ടിൽ നിന്നും ടീമുകൾ കച്ചകെട്ടി ഇറങ്ങുമ്പോൾ ഒരു ഗോൾ ലീഡുമായി എത്തുന്ന ഇന്റർ മിലാന് ബെൻഫികയെ മറികടക്കേണ്ട ആവശ്യം മാത്രം. മറ്റൊരു സെമിയിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നേറ്റ ശക്തമായ അടിയിൽ തരിച്ചു പോയ ബയേൺ ജീവന്മരണ പോരാട്ടത്തോടെ തങ്ങളുടെ അവസാന ഭാഗ്യവും പരീക്ഷിക്കാൻ ഇറങ്ങും. മത്സരങ്ങൾ വ്യാഴാഴ്ച്ച പുലർച്ചെ 12.30 മുതൽ തത്സമയം ആരംഭിക്കും.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്തിഹാദിൽ സിറ്റി – ബയേൺ ആദ്യ പാദ മത്സര ഫലം. ടൂഷലിന്റെ കീഴിൽ പൂർണമായ താളം കണ്ടെത്തിയില്ലെങ്കിലും യൂറോപ്യൻ പോരാട്ടത്തിൽ ജർമൻ ടീം പതിവ് മൂർച്ചയോടുകൂടി ഇറങ്ങുമെന്ന നിഗമനങ്ങളെ കാറ്റിൽ പറത്തി കൊണ്ട് സിറ്റിയുടെ തേരോട്ടം ആണ് കണ്ടത്. ഭൂരിഭാഗം സമയവും ഇരു ടീമുകളും തുല്യ ശക്തികളുടെ പോരാട്ടം കാഴ്ച്ച വെച്ചപ്പോൾ പ്രതിരോധത്തിലെ പിഴവുകൾ ആരംഭിച്ചത് മുതൽ ബയേണിന്റെ കയ്യിൽ നിന്നും മത്സരം നഷ്ടപ്പെട്ടു. രണ്ടാം പാദത്തിൽ ടൂഷൽ ഏറെ ശ്രദ്ധിക്കേണ്ടതും പ്രതിരോധത്തിൽ തന്നെ. സ്വന്തം തട്ടകത്തിൽ സിറ്റിക്കെതിരെ കുറഞ്ഞത് മൂന്ന് ഗോളുകൾ ലക്ഷ്യം വെച്ചിറങ്ങുമ്പോൾ പ്രതിരോധത്തെ വിശ്വാസത്തിൽ എടുക്കാവുന്ന തരത്തിലേക്ക് ഉയർത്താനുള്ള ചുമതല അദ്ദേഹത്തിനുണ്ട്. ഇല്ലെങ്കിൽ ഹാലണ്ടിനും ഗ്രീലിഷിനും ഡി ബ്രൂയിനും എല്ലാം മുൻപിൽ ഒരിക്കൽ കൂടി കോട്ട വാതിൽ തുറന്നിട്ട അവസ്ഥയാവും ബയേണിന്. ഹോഫൻഹേയിമിനെതിരെ സമനില വഴങ്ങിയ ശേഷമാണ് ടൂഷലും സംഘവും എത്തുന്നത്. മുൻ നിര ഗോൾ കണ്ടെത്തെണ്ടതും നിലവിൽ ബയേണിന് അനിവാര്യമാണ്. മൂന്നിൽ കൂടുതൽ ഗോൾ വഴങ്ങിയ ശേഷം വെറും അഞ്ച് തവണ മാത്രമാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തിരിച്ചു വരവ് ഉണ്ടായിട്ടുള്ളത്. ചുപ്പോ മോണ്ടെങ് ടീമിലേക്ക് തിരിച്ചെത്തുമ്പോൾ വിലക്ക് നേരിട്ട മാനേയും ടീമിൽ ഉണ്ടാവും. ആദ്യ പാദത്തിൽ പകരക്കാരനായി എത്തിയ മുള്ളർ ഫസ്റ്റ് ഇലവനിൽ തിരിച്ചെത്തിയേക്കും. സിറ്റിക്ക് മത്സരത്തിൽ ആശങ്കകൾ ഒന്നുമില്ല. ഫോടൻ മാത്രമാണ് പരിക്കേറ്റ് പുറത്തുള്ളത്. പതിവ് പോലെ മൂന്ന് സെന്റർ ബാക്കുകൾ ഉൾപ്പടെ പെപ്പ് ടീമിനെ ലൈനപ്പ് ചെയ്യും. ഗോൾ അടിക്കാൻ ഒരുങ്ങി തന്നെ ബയേൺ ഇറങ്ങുമ്പോൾ കിട്ടുന്ന അവസങ്ങൾ പരമാവധി മുതലെടുക്കാൻ തന്നെ ആവും അവരുടെ നീക്കം.
പതിമൂന്ന് വർഷത്തിന് ശേഷം സെമി ഫൈനൽ പ്രവേശനം ആണ് ഇന്ററിന്റെ ലക്ഷ്യം. ആദ്യ പാദത്തിൽ ബെൻഫിക്കയെ രണ്ടു ഗോളിന് അവരുടെ തട്ടകത്തിൽ തന്നെ കീഴടക്കാൻ സാധിച്ചത് ഇന്ററിന് ഊർജമാണ്. സാൻ സീറോയിൽ പോർച്ചുഗൽ ടീമിന്റെ പിടിച്ചു കെട്ടേണ്ട ചുമതല മാത്രമേ ഇൻസാഗിക്കും സംഘത്തിനും ഉള്ളൂ. സീരി എയിൽ വളരെ മോശം ഫോമിലൂടെ കടന്ന് പോകുന്ന ടീമിന്റെ പ്രധാന കച്ചിത്തുരുമ്പാണ് ചാമ്പ്യൻസ് ലീഗ്. കഴിഞ്ഞ ദിവസം മോൻസയോടും തോൽവി നേരിട്ട അവർ നിലവിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ എട്ടു മത്സരങ്ങളിലെ അവരുടെ ഒരേയൊരു ജയമാണ് ബെൻഫികക്കെതിരെ നേടിയത്. മുൻ നിരയുടെ മോശം പ്രകടനം അവർക്ക് തിരിച്ചടി ആയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സൂപ്പർ കപ്പ് മത്സരം അടക്കം ജയിച്ചു കൊണ്ട് ഇൻസാഗി കപ്പ് മത്സരങ്ങളിലെ തന്റെ മികവ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ററിനും ആവേശം പകരുന്നത്. ലീഗിലെ തോൽവിയോടെയാണ് ബെൻഫിക്കയും ഇറ്റലിയിലേക്ക് എത്തുന്നത്. തുടർച്ചയായ നാല് മത്സരങ്ങൾ അവർ വിജയമില്ലാതെ പിന്നിട്ട് കഴിഞ്ഞു. ഗോണ്സാലോ റാമോസും റഫാ സിൽവയും അടക്കമുള്ള മുന്നേറ്റം അപാരമായ ഫോമിലേക്ക് എത്താതെ തിരിച്ചു വരവ് അവർക്കും ദുഷ്കരമാകും.