ചാമ്പ്യൻസ് ലീഗ്, ലെവർകുസനെ സമനിലയിൽ തളച്ചു ബ്രസ്റ്റ്, അറ്റലാന്റക്കും സമനില

Wasim Akram

യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം ജയം തേടി ഇറങ്ങിയ ബയേർ ലെവർകുസനും ബ്രസ്റ്റും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്ക് സമനിലയിൽ പിരിയുക ആയിരുന്നു. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ ഹോഫ്മാന്റെ പാസിൽ നിന്നു മൂന്നാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തിയ ഫ്ലോറിയൻ വിറിറ്റ്സ് ആണ് ജർമ്മൻ ടീമിന് മുൻതൂക്കം നേടി നൽകിയത്. 39 മത്തെ മിനിറ്റിൽ എന്നാൽ ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ ഗോൾ നേടിയ ലീസ് മെലോ ഫ്രഞ്ച് ടീമിന് സമനില സമ്മാനിക്കുക ആയിരുന്നു.

ചാമ്പ്യൻസ് ലീഗ്

രണ്ടാം പകുതിയിൽ ഫ്രഞ്ച് ടീമിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവർ രണ്ടാം പകുതിയിൽ മാത്രം 9 ഷോട്ടുകൾ ആണ് ഉതിർത്തത്. അതേസമയം ചാമ്പ്യൻസ് ലീഗ് മറ്റൊരു മത്സരത്തിൽ അറ്റലാന്റ, സെൽറ്റിക് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇറ്റാലിയൻ ടീമിന്റെ സമ്പൂർണ ആധിപത്യം സ്വന്തം മൈതാനത്ത് കണ്ട മത്സരത്തിൽ പക്ഷെ സ്‌കോട്ടിഷ് ടീം ഗോൾ വഴങ്ങിയില്ല. കഴിഞ്ഞ കളിയിൽ ഡോർട്ട്മുണ്ടിനോട് 7 ഗോൾ വഴങ്ങിയ സെൽറ്റിക്കിന് ഈ പ്രകടനം ആശ്വാസം നൽകും. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ ബ്രസ്റ്റ് മൂന്നാമതും ലെവർകുസൻ നാലാമതും നിൽക്കുമ്പോൾ അറ്റലാന്റ 12 സ്ഥാനത്തും സെൽറ്റിക് 18 സ്ഥാനത്തും ആണ്.