ഫുട്ബോൾ ജയിച്ചു പണക്കൊതി തോറ്റു, ആന്ദേർലെക്ട് ടിക്കറ്റ് തുക തിരിച്ചു നൽകണം

ഫുട്ബോൾ ആരാധകർക്ക് മുന്നിൽ വീണ്ടും പണക്കൊതി തോറ്റു. ടിക്കറ്റ് ചാർജായി അധികം ഈടാക്കിയ തുക ബയേൺ ആരാധകർക്ക് തിരിച്ച് നൽകാൻ ആന്ദേർലെക്ടിനോട് യുവേഫ ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനിടെയാണ് എവേ ഫാൻസായ ബയേൺ ഫാൻസിനെ ആന്ദേർലെക്ട് പിഴിഞ്ഞത്. 100 യൂറോയോളമാണ് ടിക്കറ്റിന്റെ വിലയായി ആന്ദേർലെക്ട് ആവശ്യപ്പെട്ടത്. ഇത്രയും ഉയർന്ന തുകയ്ക്ക് ടിക്കറ്റ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾക്ക് പോലും ഉണ്ടാവാറില്ല. ഇതേ തുടർന്ന് കനത്ത പ്രതിഷേധങ്ങൾ ഫുട്ബോൾ ആരാധകരിൽ നിന്നും ഉണ്ടായിരുന്നു.

യുവേഫയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് ഒന്നിന് മുപ്പത് യൂറോയോളം ആന്ദേർലെക്ട് ബയേണിന് തിരിച്ച് നൽകണം. മത്സരത്തിൽ ആന്ദേർലെക്ട്നെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് ബയേൺ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. ആരാധകർക്ക് വേണ്ടി ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾക്ക് നിരക്ക് കുറച്ച് സബ്‌സിഡി എന്ന നിലയ്ക്കാണ് ബയേണിന്റെ ആരാധകർക്ക് ടിക്കറ്റ് ബയേൺ മാനേജ്‌മെന്റ് ലഭ്യമാക്കിയത്. ആരാധകരുടെ പ്രതിഷേധം അതിരു കടന്നതിനെത്തുടർന്നു ബയേണിന് ഇരുപതിനായിരത്തോളം യൂറോ യുവേഫ കഴിഞ്ഞ ഡിസംബറിൽ പിഴയിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version