റൊണാൾഡോയ്ക്കും യുവന്റസിനും അന്ത്യകൂദാശ നൽകി അയാക്സ് യുവനിര

- Advertisement -

യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കാമെന്ന മോഹവുമായി ഇറങ്ങിയ റൊണാൾഡോക്ക് മടക്കം. അയാക്സ് യുവനിരയാണ് ടുറിനിൽ യുവന്റസിന് ചരമഗീതം എഴുതിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെ അയാക്സിന്റെ വിജയം. ആദ്യ പാദത്തിൽ മത്സരം 1-1ന്  സമനിലയിലായിരുന്നു അവസാനിച്ചത്. ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പിച്ചത്.

ആദ്യ പകുതി അര മണിക്കൂർ പിന്നിട്ടപ്പോൾ റൊണാൾഡോയുടെ ഹെഡറിൽ യുവന്റസ് മുൻപിലെത്തി. പ്യാനിചിന്റെ ക്രോസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ 126മത്തെ ഗോളായിരുന്നു ഇത്. തുടർന്ന് കാര്യങ്ങൾ യുവന്റസിന് അനുകൂലമാവുമെന്ന തോന്നിച്ച ഘട്ടത്തിലാണ് വാൻ ഡി ബീകിലൂടെ യുവന്റസിനെ ഞെട്ടിച്ച് അയാക്സ് സമനില പിടിച്ചത്. മത്സരത്തിൽ സമനില പിടിച്ചതോടെ മികച്ച പ്രകടനം പുറത്തെടുത്ത അയാക്സ് പല തവണ ഗോളിന് അടുത്ത എത്തിയെങ്കിലും ഭാഗ്യവും ഷെസ്നിയും യുവന്റസിന്റെ രക്ഷക്ക് എത്തുകയായിരുന്നു.

തുടർന്നാണ് യുവന്റസിന് അന്ത്യകൂദാശ നൽകിയ ഗോൾ ഡെലിറ്റ് നേടിയത്. ഷോണിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ഡെലിറ്റ് അയാക്സിന് സെമിയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. തുടർന്ന് സിയെച്ചിലൂടെ അയാക്സ് യുവന്റസ് ഗോൾ വല വീണ്ടും കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. നേരത്തെ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിലും 4-1ന്റെ ചരിത്ര വിജയം അയാക്സ് നേടിയിരുന്നു.

Advertisement