പി എസ് ജിയുടെ സ്റ്റാർ സ്ട്രൈക്കർ എഡിസൺ കവാനി ചൈന കപ്പിൽ കളിക്കില്ല. ഈ മാസം അവസാനം നടക്കുന്ന രാജ്യാന്തര മത്സരങ്ങളുടെ ഇടവേള സമയത്താണ് ഉറുഗ്വേ ചൈന കപ്പിൽ കളിക്കുന്നത്. പി എസ് ജിക്ക് വേണ്ടി കളിക്കുമ്പോൾ ഒരു മാസം മുന്നേ ഏറ്റ ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ് ഇപ്പോഴും കവാനിയെ പുറത്ത് ഇരുത്തുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളും പരിക്ക് കാരണം കവാനിക്ക് നഷ്ടമായിരുന്നു.
പരിക്ക് ഭേദമായി കഴിഞ്ഞ ആഴ്ച പി എസ് ജിക്കായി കവാനി ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ചൈനയിലേക്ക് പോയാൽ വീണ്ടും പരിക്ക് തിരികെ വന്നേക്കാം എന്നതുകൊണ്ട് വിശ്രമിക്കാൻ കവാനി തീരുമാനിക്കുക ആയിരുന്നു. കവാനി ഒഴികെ മറ്റു പ്രമുഖരെല്ലാം 23 അംഗ സ്ക്വാഡിൽ ഉണ്ട്. മാർച്ച് 22ന് ഉസ്ബെകിസ്താനെ ചൈന കപ്പിന്റെ സെമിയിൽ ഉറുഗ്വേ നേരിടും. ആ മത്സരം വിജയിക്കുകയാണെങ്കിൽ ഫൈനലിൽ തായ്ലാന്റോ ചൈനയോ ആകും ഉറുഗ്വേയുടെ എതിരാളികൾ.