ഉറുഗ്വേയുടെ സ്‌ട്രൈക്കർ എഡിൻസൺ കവാനി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ ബൊക്ക ജൂനിയേഴ്സിനായി കളിക്കുന്ന കവാനി, തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. ഉറുഗ്വേക്ക് ആയി ഏറ്റവും കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് കവാനി.
ഉറുഗ്വേ ടീമിൻ്റെ കുപ്പായം അണിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്ന് കവാനി വിരമിക്കൽ പ്രഖ്യാപിച്ചുള്ള കുറിപ്പിൽ പറഞ്ഞു. 2008 ഫെബ്രുവരി 6-ന് കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് കവാനി ഉറുഗ്വേ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി 136 മത്സരങ്ങൾ കളിച്ച കവാനി 58 ഗോളുകൾ ആകെ നേടി.
ഉറുഗ്വേക്ക് ആയി എന്നും വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കവാനിക്ക് ആയിരുന്നു. 2011ൽ അവർക്ക് ഒപ്പം കോപ അമേരിക്കയും ജയിച്ചിട്ടുണ്ട്.