മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കസെമിറോക്ക് തന്റെ കരാർ സ്വയം നീട്ടാനാകും. ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 35 തവണ ആദ്യ ഇലവനിൽ ഇടംപിടിച്ചാൽ നിലവിലെ ശമ്പള വ്യവസ്ഥകളോടെ 2027 വരെ അദ്ദേഹത്തിന്റെ കരാർ സ്വയമേവ പുതുക്കപ്പെടും എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പ്രതിവാരം മൂന്ന് ലക്ഷം പൗണ്ടോളമാണ് അദ്ദേഹത്തിന്റെ വരുമാനം.

ഈ സീസണിൽ പ്രീമിയർ ലീഗിൽ 18 മത്സരങ്ങളിൽ ആദ്യ ഇലവനിൽ താരം കളിച്ചുകഴിഞ്ഞു. ഇനി അവശേഷിക്കുന്ന 17 മത്സരങ്ങളിലും കാസെമിറോയ്ക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചാൽ മാത്രമെ കരാർ സ്വയമേ പുതുക്കാൻ ആവൂ. മാഞ്ചസ്റ്റർ യുണൈറ്റഡിന് കസെമിറോയുടെ വേതനം ഒരു വലിയ ഭാരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ റിലീസ് ചെയ്യാനോ അല്ലെങ്കിൽ വേതന കുറവിൽ പുതിയ കരാർ നൽകാനോ ആകും യുണൈറ്റഡിന്റെ ഉദ്ദേശം.
നേരത്തെയുള്ള കപ്പ് എക്സിറ്റുകളും യൂറോപ്യൻ മത്സരങ്ങളുടെ അഭാവവും കാരണം വെറും 40 മത്സരങ്ങൾ മാത്രമേ യുണൈറ്റഡിന് ഈ സീസണിൽ ഉള്ളൂ. അതുകൊണ്ട് തന്നെ കാസെമിറോയ്ക്ക് 35 എന്ന ഈ ലക്ഷ്യം കൈവരിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
ഈ സീസണിൽ നാല് ഗോളുകൾ നേടിയ 33-കാരനായ താരത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാണെങ്കിലും ഭാവിയിലേക്ക് യുവതാരങ്ങളെ കണ്ടെത്താൻ ആണ് ടീം നോക്കുന്നത്.









