സ്പാനിഷ് പരിശീലകൻ സാബി അലോൺസോയുടെ സേവനം രണ്ടു വർഷത്തേക്ക് കൂടി നീട്ടി ബയേർ ലെവർകൂസൻ. അടുത്ത സീസണോടെ നിലവിലെ കരാർ അവസാനിക്കുന്ന സാബി, 2026 വരെയുള്ള പുതിയ കരാർ ആണ് ജർമൻ ക്ലബ്ബിൽ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ വരുന്ന സീസണുകളിലും മുൻ ബയേൺ മ്യൂണിച്ച് താരം തന്നെ തന്ത്രങ്ങൾ ഓതും എന്നുറപ്പായി. സാബിക്ക് കീഴിൽ മികച്ച പ്രകടനമാണ് ലെവർകൂസൻ പുറത്തെടുത്തു കൊണ്ടിരുന്നത്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മോശം ഫോമിലൂടെ ടീം കടന്ന് പോയപ്പോഴാണ് അന്നത്തെ പരിശീലകൻ ജെറാർഡോ സിയോണക്ക് പകരക്കാരനായി സാബി അലോൺസോയെ ലെവർകൂസൻ ടീമിലേക്ക് കൊണ്ടു വരുന്നത്. റയൽ മാഡ്രിഡ് യൂത്ത് ടീമിലും സോസിഡാഡ് ബി ടീമിലും മാത്രം പരിശീലന പരിചയം ഉണ്ടായിരുന്ന അലോൺസോയിൽ വിശ്വാസം ആർപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. സീസൺ അവസാനിച്ചപ്പോൾ ലീഗിൽ ആറാം സ്ഥാനത്ത് ടീമിനെ എത്തിച്ചും യൂറോപ്പിലേക്ക് യോഗ്യത നേടിയും അദ്ദേഹം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തു. ദുഷ്കരമായ ഘട്ടത്തിലൂടെ നീങ്ങിയ സമയത്ത് അലോൺസോ ടീമിൽ സന്തുലിതാവസ്ഥ കൊണ്ടു വന്നെന്ന് ലെവർകൂസൻ ചെയർമാൻ പുതിയ കാരറിനോട് പ്രതികരിച്ചു സംസാരിച്ചു. ഇനി ടീമിനെ ആത്മവിശ്വാസത്തോടെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലെവർകൂസൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ സാബി അലോൺസോ നന്ദി അറിയിച്ചു. മുന്നോട്ടുള്ള പാതയിൽ തനിക്കും മാനേജ്‌മെന്റിനും ഒരേ ലക്ഷ്യമാണ് ഉള്ളതെന്നും താനും മറ്റ് കോച്ചിങ് സ്റ്റാഫും ഈ ക്ലബ്ബിലെ സാഹചര്യം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.