ജർമ്മൻ സൂപ്പർ സ്റ്റാർ തോമസ് മുള്ളർ 2024വരെ ബയേണിൽ തുടരും. ഇന്നാണ് ബയേൺ മ്യൂണിക്ക് മുള്ളറുമായുള്ള കരാർ പുതുക്കിയത് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ മാനുവൽ നുയർ,മുള്ളർ,ലെവൻഡോസ്കി,ഗ്നാബ്രി എന്നിവരുമായുള്ള ബയേണിന്റെ കരാർ 2023വരെയാണ്. വൈകാതെ തന്നെ ഈ താരങ്ങളുമായുള്ള കരാർ ക്ലബ്ബ് പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താം വയസിൽ ബയേണിലെത്തിയ താരമാണ് തോമസ് മുള്ളർ.
2000 മുതൽ 22 വർഷമായി ബവേറിയൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് മുള്ളർ. 2008ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച മുള്ളർ മറ്റൊരു ക്ലബ്ബിലും കളിച്ചിട്ടില്ല. ഫുട്ബോൾ ചരിത്രത്തിൽ ചുരുക്കം ചില താരങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന ലെഗസിയാണിത്. ബയേൺ മ്യൂണിക്കിന് വേണ്ടി 624മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മുള്ളർ 226ഗോളുകളടിക്കുകയും 242ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ജർമ്മനിയോടൊപ്പം 2014ലോകകപ്പ് ഉയർത്തിയ മുള്ളർ 115മത്സരങ്ങൾ ജർമ്മനിക്കായി കളിച്ചു. 2013ലും 2020ലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ബയേണിനൊപ്പം നേടി.