സാദിയോ മാനെയും സാനെയും തമ്മിലുണ്ടായ പ്രശ്നങ്ങൾ അടഞ്ഞ അധ്യായമാണെന്ന് ബയേൺ പരിശീലകൻ തോമസ് ടൂഷൽ. ഹോഫൻഹേയിമുമായുള്ള മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശിക്ഷയായി പിഴ ഈടാക്കിയതും മത്സര വിലക്കും ചുമത്തിയെന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു. താൻ സംഭവം നേരിട്ടു കണ്ടില്ലെങ്കിലും താരങ്ങളുമായും സ്റ്റാഫുമായും ഉടനെ സംസാരിക്കാൻ ശ്രമിച്ചെന്നും ടൂഷൽ പറഞ്ഞു.
അടുത്ത പരിശീലന സെഷന് മുന്നോടിയായി തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ തങ്ങൾക്ക് സാധിച്ചെന്ന് ടൂഷൽ പറഞ്ഞു, “വളരെ മോശമായ സംഭവമാണ് അരങ്ങേറിയത്. എന്നാൽ ഉടനെ അത് പരിഹരിക്കാൻ സാധിച്ചു. വീണ്ടും ഊർജത്തോടെ പരിശീലന സെഷനിൽ പങ്കെടുക്കാനും സാധിച്ചു”. മാനെയെ വളരെ കാലമായി തനിക്ക് അറിയാമെന്ന് ചൂണ്ടിക്കാണിച്ച ടൂഷൽ, താരം തികഞ്ഞ പ്രൊഫെഷണൽ ആണെന്നും പറഞ്ഞു. സംഭവത്തിൽ തെറ്റ് മനസിലാക്കിയ താരം മാപ്പ് ചോദിച്ചെന്നും ടൂഷൽ വെളിപ്പെടുത്തി. എന്നാൽ തന്റെ കോച്ചിങ് കരിയറിൽ ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടല്ലെന്നും ടൂഷൽ കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള രണ്ടാം പാദത്തിനെ കുറിച്ചു ചോദിച്ചപ്പോൾ ഫുട്ബോളിൽ അസംഭവ്യമായി ഒന്നുമില്ലെന്നും തിരിച്ചു വരാൻ സാധുക്കുമെന്നാണ് പ്രതീക്ഷയെന്നും ടൂഷൽ പ്രതികരിച്ചു. തിരിച്ചടികളിൽ നിന്നും ടീം തിരിച്ചു കയറുമെന്ന് ടൂഷൽ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ശ്രദ്ധ ശനിയാഴ്ചത്തെ മത്സരത്തിൽ മാത്രമാണെന്നും ടൂഷൽ പറഞ്ഞു. ഉപമെൻകാനോയേയും പിന്തുണച്ച ടൂഷൽ താരം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.