ചാമ്പ്യൻസ് ലീഗിൽ കനത്ത തോൽവിക്ക് പിറകെ ആർബി ലെപ്സിഗ് പരിശീലക സ്ഥാനത്ത് നിന്നും ഡൊമെനികൊ ടെഡെസ്കൊ തെറിച്ചു. സ്വന്തം ഗ്രൗണ്ടിൽ ശക്തർ ഡോനെസ്കിനോടേറ്റ 4-1 ന്റെ തോൽവിക്ക് പിറകെയാണ് കോച്ചിനെ പുറത്താക്കാൻ ലെപ്സീഗ് തീരുമാനിച്ചത്. മുൻ ബറൂസിയ ഡോർട്മുണ്ട് പരിശീലകൻ ആയിരുന്ന മാർക്കോ റോസ് ആണ് പകരക്കാരൻ ആയി ലെപ്സീഗ പരിഗണിക്കുന്നത് എന്നാണ് സൂചന.
വെറും ഒൻപത് മാസങ്ങൾക്ക് മുന്നേ ആയിരുന്നു ടെഡെസ്കൊ ലെപ്സീഗ് പരിശീലകനായി എത്തിയത്. ശേഷം ടീമിനെ ലീഗിൽ നാലാം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിനായി. കൂടാതെ യൂറോപ്പ ലീഗിൽ സെമി ഫൈനലിലും എത്തിച്ചു. ഇതിനെല്ലാം പുറമെ ടീമിനെ ആദ്യമായി ജർമൻ കപ്പ് ജേതാക്കൾ ആക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഇത്തവണ ലീഗിൽ വളരെ മോശം തുടക്കമാണ് ടീമിന് ലഭിച്ചത്. ആദ്യ അഞ്ചു മത്സരങ്ങൾ കഴിയുമ്പോൾ ഒരേയൊരു വിജയം മാത്രം കരസ്ഥമാക്കാൻ ആണ് ടീമിന് കഴിഞ്ഞത്. ഇതിന് പുറമെ സ്വന്തം ഗ്രൗണ്ടിൽ ശക്തറിനെതിരെ നേരിടേണ്ടി വന്ന തോൽവിയും ടെഡെസ്കൊയുടെ പതനത്തിന് ആക്കം കൂട്ടി. പുതിയ കോച്ചിനെ ലെപ്സീഗ് ഉടനെ പ്രഖ്യാപിക്കും.