പ്രതിരോധത്തിൽ പരിക്കിന്റെ ഭീഷണികൾ നേരിടുന്ന ബയേൺ മ്യൂണിക്ക്, തങ്ങളുടെ മുൻ താരം ജെറോം ബോട്ടെങ്ങിനെ തിരിച്ചു കൊണ്ടു വരുന്നു. നിലവിൽ ഫ്രീ ഏജന്റ് ആയ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ അടക്കം ഉടൻ പൂർത്തിയാവുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. എന്നാൽ കരാറിന്റെ കാര്യത്തിൽ സൂചനകൾ ഇല്ല. ആറു മാസത്തേക്കോ സീസൺ അവസാനിക്കുന്നത് വരെയോ ആവും ബോട്ടെങ്ങിന്റെ കരാർ. നിലവിൽ ടീമിനോടൊപ്പം ചേർന്ന് ബോട്ടെങ്, താരങ്ങൾക്കൊപ്പം പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.
കിം മിൻ ജെ, മത്തിയാസ് ഡി ലൈറ്റ് എന്നിവർക്ക് പരിക്കിന്റെ ഭീഷണി ഉണ്ട്. കഴിഞ്ഞ വാരം ഉപമങ്കാനോക്കും പരിക്ക് ഉള്ളതായി ടൂക്കൽ വെളിപ്പെടുത്തി. ഇതിനെല്ലാം പുറമെ പകരക്കാരനായി ടീമിലുള്ള യുവതാരം തരെക് ബുഷ്മാൻ മസിൽ ഇഞ്ചുറി കാരണം കളത്തിലേക്ക് മടങ്ങി എത്താൻ വൈകുമെന്നതും ഉടൻ മറ്റൊരു താരത്തിനെ എത്തിക്കാൻ ബയേണിനെ പ്രേരിപ്പിച്ചു. പത്ത് സീസണിലായി ഇരുന്നൂറ്റി ഇരുപതോളം മത്സരങ്ങൾ ബയേൺ ജേഴ്സിയിൽ ഇറങ്ങിയിട്ടുള്ള ബോട്ടെങ്, 2021ലാണ് ലിയോണിലേക്ക് ചേക്കേറുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ കരാർ അവസാനിച്ചതോടെ ഭാവിയിൽ താരം ടീമിൽ തുടരില്ലെന്ന് ലിയോൺ അറിയിക്കുകയായിരുന്നു. ഇതു വരെ ഫ്രീ ഏജന്റ് ആയ താരത്തിനെ അലാബയുടെ പരിക്കിന്റെ പിറകെ റയൽ മാഡ്രിഡ് സമീപിച്ചിരുന്നു എന്ന അഭ്യൂഹങ്ങൾ റോമാനോ നിഷേധിച്ചിട്ടുണ്ട്. അനുഭവസമ്പന്നനായ താരത്തിന്റെ വരവ് ബയേണിന് കരുത്തേകും എന്ന കാര്യത്തിൽ സംശയമില്ല.
Download the Fanport app now!