മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെയെ ബയേൺ മ്യൂണിക് സ്വന്തമാക്കുന്നതിനെതിരെ മുൻ ബയേൺ മ്യൂണിക് താരം സാഗ്നോൾ രംഗത്ത്. സാനെയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കുന്നതിൽ നിന്ന് ബയേൺ മ്യൂണിക് കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും മുൻ താരം പറഞ്ഞു.
സാനെയുടെ ശൈലി ബയേൺ മ്യൂണിക്കിന്റെ ശൈലിയുമായി ഒത്തുപോവുന്ന ഒന്നല്ലെന്നും താരത്തിന്റെ പ്രകടനത്തിന് സ്ഥിരതയില്ലെന്നും സാഗ്നോൾ പറഞ്ഞു. സാനെ ബയേൺ മ്യൂണിക്കിന് ചേരുന്ന കളിക്കാരൻ ആണെന്ന് തോന്നുന്നില്ലെന്നും മാഞ്ചസ്റ്റർ സിറ്റിയിലും ദേശീയ ടീമിലും താരത്തിന്റെ പ്രകടനങ്ങൾക്ക് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടെന്നും മുൻ ബയേൺ മ്യൂണിക് താരം പറഞ്ഞു.
സാനെയെ സ്വന്തമാക്കാൻ മുടക്കുന്ന തുക നൽകി ബയേർ ലെവർകൂസണിൽ നിന്ന് കായ് ഹാവെർട്സിനെ ബയേൺ മ്യൂണിക് സ്വന്തമാക്കണമെന്നും സാഗ്നോൾ പറഞ്ഞു. കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും പരിക്കിന്റെ പിടിയിലായിരുന്ന സാനെയെ സ്വന്തമാക്കുന്നത് ബയേൺ മ്യൂണിക്കിനെ സംബന്ധിച്ചിടത്തോളം ഒരു ചൂതാട്ടം ആവുമെന്നും സാഗ്നോൾ പറഞ്ഞു.